
തിരുവനന്തപുരം: ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിൽ രണ്ട് വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. കോളേജിലെ എസ്‌എഫ്‌ഐ-എബിവിപി പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാറശാല എസ്.ഐ ജിതിൻ വാസുവിനെ വിദ്യാർത്ഥികൾ തടഞ്ഞുനിർത്തി മർദ്ദിച്ചു.
കോളേജ് പ്രിൻസിപ്പലിന്റെ വാഹനവും വിദ്യാർത്ഥികൾ തകർത്തു. വിടിഎം എൻഎസ്‌എസ് കോളേജിൽ നിന്നും സംഘടിച്ചെത്തിയ ചിലർ യൂണിറ്റ് കമ്മറ്റി അംഗങ്ങളായ അശ്വന്ത്, ആദർശ് എന്നിവരെ മർദ്ദിച്ചതായി എസ്‌എഫ്‌ഐ ആരോപിച്ചു. നെയ്യാറ്റിൻകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ സ്ഥലത്ത് സംഘർഷം ഒഴിവാക്കാൻ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്.