
ദിസ്‌പൂർ: ശിവസേനയ്ക്കുള്ളിലെ വിമത നീക്കത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിൽ. തന്റെ പാർട്ടിയിൽ നിന്നുള്ള നാൽപ്പതുപേരും ആറ് സ്വതന്ത്രരുമടക്കം തനിക്ക് നാൽപ്പത്തിയാറ് പേരുടെ പിന്തുണയുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ഷിൻഡെ പ്രതികരിച്ചു.
'പാർട്ടി മാറാൻ എനിക്ക് പദ്ധതിയില്ല. ശിവസേനയിൽ നിന്ന് എങ്ങോട്ടേക്കുമില്ല. ഞങ്ങൾ ഹിന്ദുത്വത്തിൽ വിശ്വസിക്കുന്നു.'- അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷിൻഡെ
തിങ്കളാഴ്ച ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഷിൻഡെ അടക്കം ശിവസേനയുടെ പന്ത്രണ്ട് എം എൽ എമാരാണ് കൂറുമാറി വോട്ട് ചെയ്‌തത്. അതോടെ ബി ജെ പിയുടെ അഞ്ച് സ്ഥാനാർത്ഥികളും ജയിച്ചു.
പിന്നാല ഷിൻഡെയുടെ നേതൃത്വത്തിൽ രണ്ട് ഡസനിലേറെ ശിവസേന എം എൽ എമാർ ഗുജറാത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താവളമടിച്ചതോടെയാണ് വിമതരുടെ കലാപം പരസ്യമായത്. ഇന്നലെ അർദ്ധരാത്രി ചാർട്ടേഡ് വിമാനത്തിലാണ് വിമത എം എൽ എമാർ ഗുവാഹത്തിയിലെത്തിയത്.
ഹോട്ടലിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഷിൻഡെയ്‌ക്കൊപ്പം നിൽക്കുന്ന എം എൽ എമാരുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഗുവാഹത്തി വിമാനത്താവളത്തിലെത്തിയ എം എൽ എമാരെ ബി ജെ പി നേതാക്കളായ പല്ലബ് ലോചൻ ദാസും സുശാന്ത ബോർഗോഹൈൻ ഷിൻഡെയും ചേർന്നാണ് സ്വീകരിച്ചത്. അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയിരുന്നു.
മഹാരാഷ്ട്രയുടെ കാര്യത്തിൽ രണ്ട് പ്ലാനാണ് ബി ജെ പിക്കുള്ളതെന്നാണ് റിപ്പോർട്ടുകൾ. ശിവസേന പിളർന്നാൽ വിമതരുമായി സഖ്യം ചേർന്ന് സർക്കാരുണ്ടാക്കുകയാണ് ആദ്യത്തെ പ്ലാൻ. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഷിൻഡെ ഉപമുഖ്യമന്ത്രിയായി എത്തിയേക്കും. മഹാവികാസ് അഘാടി സഖ്യത്തിനെതിരെ അവിശ്വാസ പ്രമേയവുമായി മുന്നോട്ടുപോവാനാണ് ബിജെപിയുടെ തീരുമാനം.
ഷിൻഡെയും സംഘവും കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽപ്പെടാതിരിക്കണമെങ്കിൽ 28 എം എൽ എമാരുടെ പിന്തുണ വേണം. അല്ലെങ്കിൽ ഉദ്ധവ് താക്കറെ സർക്കാർ അത് പ്രയോഗിക്കാൻ സാദ്ധ്യതയുണ്ട്. അത്തരമൊരു സാഹചര്യം വരികയാണെങ്കിൽ രാഷ്ട്രപതി ഭരണത്തിലേക്ക് ബി ജെ പി നീങ്ങും.