
ന്യൂഡൽഹി : എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപതി മുർമുവിനെ ബി ജെ പി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥിയെ 'ഇസഡ് പ്ലസ്' വലയത്തിലാക്കി കേന്ദ്രം സുരക്ഷ ഉറപ്പാക്കി. സിആർപിഎഫ് കമാൻഡോകളാണ് സുരക്ഷ ഒരുക്കുന്നത്. വിശിഷ്ട വ്യക്തികൾക്ക് കേന്ദ്ര ഗവൺമെന്റ് നൽകുന്ന സുരക്ഷാ പരിരക്ഷയുടെ രണ്ടാമത്തെ റാങ്കിലുള്ളതാണ് 'ഇസഡ് പ്ലസ്' കാറ്റഗറി.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ദൗപതി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സംയുക്ത സ്ഥാനാർത്ഥിയായി പ്രതിപക്ഷം തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ബി ജെ പി പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു രാഷ്ട്രപതി സ്ഥാനാർത്ഥി വരുന്നത്. ജൂലായ് 18നാണ് പുതിയ രാഷ്ട്രപതിക്കായി തിരഞ്ഞെടുപ്പ് നടത്തുന്നത്. ഒഡീഷയിലെ സന്താൾ ആദിവാസി സമൂഹത്തിൽ നിന്ന് ഉയർന്നു വന്ന പ്രമുഖ വനിതാ നേതാവാണ് ദ്രൗപതി മുർമു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് മുൻതൂക്കമുള്ളതിനാൽ രാജ്യത്ത് ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു രാഷ്ട്രപതിയെ ലഭിക്കാൻ ഇതോടെ വഴിയൊരുങ്ങി.
റൈരംഗ്പൂർ നഗർ പഞ്ചായത്തിൽ കൗൺസിലറായിട്ടാണ് മുർമു രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2000ൽ ഒഡീഷ സർക്കാരിൽ മന്ത്രിയായി. ബി ജെ പി ബന്ധം വിച്ഛേദിച്ച ശേഷം 2009ൽ മുഖ്യമന്ത്രി നവീൻ പട്നായിക്ക് തൂത്തുവാരിയ സംസ്ഥാന തിരഞ്ഞെടുപ്പിലും റൈരംഗ്പൂരിൽ മുർമുവിനെ ജനം കൈവിട്ടില്ല. 2015ൽ ജാർഖണ്ഡ് ഗവർണറായതോടെ സംസ്ഥാനത്തെ ആദ്യ വനിതാ ഗവർണർ എന്ന ബഹുമതിയും ദ്രൗപതി മുർമുവിന് സ്വന്തമാക്കി.