
ചായ കുടിക്കുക എന്ന ശീലം നമ്മൾ ഇന്ത്യക്കാർക്ക് ജീവിതത്തിന്റെ ഒരു ഭാഗമാണ്. മലയാളികളുടെ കാര്യമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. കേരളത്തിലെ ഓരോ ചായക്കടയ്‌ക്കും മുന്നിലെ തിരക്കുതന്നെ അതിന് തെളിവല്ലേ? ലോകത്ത് തന്നെ ഏറ്റവും നല്ല തേയില കിട്ടുന്നത് അസാമിലാണ്. അസം തേയില പണ്ടേ പ്രശസ്‌തമാണല്ലോ?. വൈവിധ്യങ്ങൾ നിറഞ്ഞ നിരവധി തേയില ഇനങ്ങൾ അസാമിന് മാത്രം അവകാശപ്പെട്ടതാണ്. അതിൽ തന്നെ കേമമായൊരു ഇനത്തെ കുറിച്ചാണ് പറയാൻ പോകുന്നത്.
പബോജൻ ഗോൾഡ് ടീ
അസാമിലെ ഗോലഘട്ട് ജില്ലയിലാണ് പബോജൻ ഗോൾഡ് ടീ എന്നറിയപ്പെടുന്ന ഇനം കൃഷി ചെയ്യുന്നത്. കഴിഞ്ഞദിവസം ഇതിന്റെ വിൽപനലേലം നടന്നു. ആകെ ഒരു കിലോയാണ് ഇത്തവണത്തെ വിളവെടുപ്പിൽ ലഭിച്ചത്. അതിനു കിട്ടിയതാകട്ടെ ഒരു ലക്ഷം രൂപയും. ഇനി അത് ഉപഭോക്താക്കളിലേക്കെത്തുമ്പോൾ തുക എത്രയാകുമെന്ന് ആലോചിച്ച് നോക്കൂ?.
സ്വർണവർണത്തോടു കൂടിയ പാനീയം ലഭിക്കുമെന്നതിനാലാണ് ഈ വെറൈറ്റിക്ക് ഗോൾഡ് ടീ എന്ന പേര് ലഭിക്കാൻ കാരണം. രണ്ടാം വിളവിന് പാകമാകുമ്പോൾ മാത്രമാണ് ഇല നുള്ളുക. ഇതാണ് സ്വർണവർണമായി മാറുന്നത്. ഈ പ്രത്യേകത തന്നെയാണ് ചായയുടെ അവാച്യമായ രുചിക്കും കാരണം.