photo

വികസിതരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണശേഷമുള്ള അവയവദാനവും അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും വളരെ കുറവാണ്. രാജ്യത്ത് ഏകദേശം അഞ്ചുലക്ഷത്തിലധികം രോഗികളാണ് അവയവ ലഭ്യതക്കുറവ് മൂലം ഓരോ വർഷവും മരണമടയുന്നത്.

ലഭ്യതയും ആവശ്യകതയും

ഔദ്യോഗിക കണക്കുകൾ പ്രകാരം ഓരോ വർഷവും ഏകദേശം ഒരുലക്ഷത്തി എൺപതിനായിരം രോഗികളാണ് വൃക്കരോഗം മൂലം സാധാരണജീവിതം നയിക്കാനാകാതെ യാതന അനുഭവിക്കുന്നത്. അതേസമയം വെറും ആറായിരം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ മാത്രമേ നടക്കുന്നുള്ളൂ. കരൾ പ്രവർത്തന രഹിതമാകുന്നതിലൂടെയും കരളിനെ ബാധിക്കുന്ന കാൻസർ മൂലവും മാത്രം ഏകദേശം രണ്ടുലക്ഷത്തിലധികം രോഗികളാണ് ഓരോവർഷവും മരണമടയുന്നത്. ഇതിൽ പത്തു മുതൽ പതിനഞ്ചു വരെ ശതമാനം രോഗികളെ കൃത്യസമയത്തു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യുന്നതിലൂടെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാമെന്ന് കണക്കാക്കപ്പെടുന്നു .

ഏകദേശം 25000 മുതൽ 30000 വരെ കരൾമാറ്റ ശസ്ത്രക്രിയ വേണ്ടിടത്തു കേവലം 1500 മാത്രമാണ് നടക്കുന്നത്. അൻപതിനായിരത്തോളം രോഗികൾ വർഷംതോറും മരുന്നുകൾ കൊണ്ട് ഭേദമാക്കാനാകാത്ത ഹൃദയസംബന്ധ രോഗങ്ങളാൽ ബുദ്ധിമുട്ടുമ്പോൾ കേവലം പത്തോ പതിനഞ്ചോ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയകളാണ് നടക്കുന്നത്.

നേത്രദാനം മാത്രമാണ് അവയവദാന രംഗത്തെ ഏക ആശ്വാസം. ഒരു ലക്ഷം രോഗികളുള്ളപ്പോൾ ഇരുപത്തയ്യായിരം നേത്രദാനം ഇന്ത്യയിൽ നടക്കുന്നുണ്ട്.

കേരളം എവിടെ ?

മരണാനന്തര അവയവദാനത്തിൽ കേരളം രാജ്യശരാശരിയേക്കാൾ നാലുമടങ്ങു മുന്നിട്ടു നിൽക്കുമ്പോഴും മൃതസഞ്ജീവനി, കേരള നെറ്റ്‌ വർക്ക് ഫോർ ഓർഗൻ ഷെയറിങ് ( KNOS ) , MOHAN ഫൗണ്ടേഷൻ എന്നീ സ്തുത്യർഹ സേവനം നൽകുന്ന ഗവണ്മെന്റ് നിയന്ത്രിത സംവിധാനങ്ങളുടെ കണക്കുപ്രകാരം കുറച്ചു വർഷങ്ങളായി കേരളം ഇടയ്ക്കു കൈവരിച്ച മുന്നേറ്റത്തിൽനിന്ന് ആശങ്കയുളവാക്കുന്ന തരത്തിൽ പിന്നോട്ടു പോയി. 2012 ൽ ഒൻപതായിരുന്ന മരണാനന്തര അവയവദാനം 2015 ലെത്തിയപ്പോൾ 76 ലേക്ക് വളർന്നു. 2017 ആയപ്പോഴേക്കും ഈ കണക്ക് 18 ലേക്ക് കൂപ്പുകുത്തി. 2020 ൽ 21 ഉം ഈ വർഷം ഇതുവരെ പതിനാറുമാണ് മരണാനന്തര അവയവദാതാക്കളുടെ എണ്ണം. ഹൃദയദാനം 2012 ലെ പൂജ്യത്തിൽനിന്ന് 2015 ആയപ്പോൾ 14 ഉം 2016 ൽ 18 ഉം ആയി. 2017 ആയപ്പോൾ ഒറ്റയടിക്ക് അഞ്ചിലേക്ക് താഴ്ന്നു. 2019 ൽ കേവലം മൂന്നും 2020 ൽ അഞ്ചും ആയി. ഈ വർഷം ഇതുവരെ മൂന്ന് ഹൃദയം മാറ്റിവയ്ക്കൽ മാത്രമാണ് നടന്നതെന്നും കണക്കുകൾ പറയുന്നു.

വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ 2012 ൽ 18 ആയിരുന്നത് 2015 ആയപ്പോൾ 132 ആയി മികച്ച വർദ്ധനയിലെത്തി. 2016ൽ 113 ആയതായി കാണാം . എന്നാൽ 2017 ആയപ്പോൾ നാലിലൊന്നായി കുറഞ്ഞ് 34 ഉം 2018 ൽ കേവലം 14 ഉം ആയി കുറഞ്ഞു.

2020 ൽ 41 വൃക്ക മാറ്റിവച്ചപ്പോൾ ഈ വർഷം ഇതുവരെ വെറും പത്തെണ്ണമാണ് നടന്നത്. 2021 നവംബർ 18 ലെ കണക്കനുസരിച്ചു വൃക്ക സ്വീകരിക്കാനായി കേരളത്തിൽ വെയ്റ്റിംഗ് ലിസ്റ്റിലുള്ള രോഗികളുടെ എണ്ണം 1828 ആണെന്ന് KNOS - മൃതസഞ്ജീവനി പറയുന്നു.

മരണങ്ങളെ പ്രധാനമായും രണ്ടായി തരംതിരിക്കാം. ഒന്ന് ഹൃദയസ്തംഭനം കാരണം , രണ്ടാമത്തേത് ബ്രെയിൻ സ്റ്റെം ഡെത്ത്. ഇവിടെ ശ്വാസം മാത്രമേ നിലയ്‌ക്കുന്നുളളൂ, ഹൃദയം പ്രവർത്തനക്ഷമമായിരിക്കും, മതിയായ വെന്റിലേറ്റർ സംവിധാനത്തോടെ , രോഗിയുടെ ജീവൻ നിലനിറുത്താമെങ്കിലും തലച്ചോറിന്റെ അപരിഹാര്യമായ തകരാർ മൂലം രോഗി ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാദ്ധ്യതയില്ലെന്ന് ഉറപ്പിച്ചു പറയാം. ഹൃദയസ്തംഭനം മൂലം മരിച്ച രോഗിയിൽ കുറച്ച് അവയവങ്ങൾ മാത്രമേ ദാനയോഗ്യമായി ഉണ്ടാവൂ. കോർണിയ , അസ്ഥികൾ, ത്വക്ക്, രക്തകുഴലുകൾ എന്നിവയാണത്. എന്നാൽ മസ്തിഷ്ക മരണം നടന്നയാളിൽനിന്ന് ഹൃദയം, വൃക്ക, കരൾ, ശ്വാസകോശങ്ങൾ തുടങ്ങി 37 അവയവങ്ങൾ നൽകാൻ കഴിയും.

അവയവ ദാനവും

നിയമ വശങ്ങളും

ഇന്ത്യാ ഗവണ്മെന്റ് 1994 ൽ തന്നെ ഇതിനു വേണ്ട നിയമനിർമാണം നടത്തി. Transplantation of Human Organ Act മരിച്ചയാളുടെ ശരീരത്തിൽനിന്ന് അവയവങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്നതിനും ചികിത്സാർത്ഥം മറ്റൊരു രോഗിയിൽ അവ ട്രാൻസ്‌പ്ലാന്റ് ചെയ്യുന്നതിനും, അവയവ കച്ചവടം തടയുന്നതിനും വേണ്ടിയുള്ള നിയമം അത് തന്നെ 2011 ൽ ഭേദഗതികളോടെ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായി 2014 മാർച്ച് 27 നു Transplantation of Human Organ and Tissue Rules നിലവിൽവന്നു.

പ്രതിസന്ധികൾ

ഏറ്റവും പ്രധാനം ലഭ്യതയും ആവശ്യകതയും തമ്മിലുള്ള വളരെ വലിയ പൊരുത്തക്കേടാണ്. ഗവണ്മെന്റ് ആശുപത്രികളിലെ അപര്യാപ്തമായ ഇൻഫ്രാ സ്ട്രക്ചർ, ഈ മേഖലയിൽ പ്രാവീണ്യവും നൈപുണ്യവുമുള്ള ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ്, ബോധവത്കരണത്തിന്റെ അഭാവം, സുസംഘടിത സംവിധാനത്തിന്റെ അഭാവം, ടിഷ്യു ബാങ്കിന്റെയും ഓർഗൻ ബാങ്കുകളുടെയും അഭാവം , അവയവ കച്ചവടത്തെ ഫലപ്രദമായി തടയുന്നതിലെ പാളിച്ചകൾ, അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളുടെ അതിഭീമമായ ചെലവുകൾ എന്നിവയാണ് മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.

അവയവദാനം പ്രോത്സാഹിപ്പിക്കുന്നത് നിരവധി ജീവനുകൾ രക്ഷിക്കുന്നതിന് തുല്യമാണ്. ഇതിനായി മസ്തിഷ്ക മരണം സ്ഥിരീകരിക്കാനുള്ള നിയമം കാലാനുസൃതമായി നവീകരിക്കുക. കൂടുതൽ ഡോക്ടർമാർക്ക് പരിശീലനം നൽകി മസ്തിഷ്ക മരണ സ്ഥിരീകരണത്തിനുള്ള അനുമതി നൽകുക. അവബോധ പരിപാടികളിലൂടെ ജനങ്ങളിൽ അവയവദാനത്തിന്റെ പ്രാധാന്യമെത്തിക്കുകയും തെറ്റിദ്ധാരണകൾ അകറ്റുകയും ചെയ്യുക. എല്ലാ ജില്ലകളിലും മൾട്ടി ഓർഗൻ റിട്രീവൽ ടീമി (പ്രധാനമായും ഐ.സി.യു കളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ ) നെ വാർത്തെടുക്കുക. റാപിഡ് ഓർഗൻ ട്രാൻസ്‌പോർട് ടീമിനെ സുസജ്ജമാക്കുക,​ സന്നദ്ധസംഘടനകളെ കണ്ടെത്തി പരിശീലിപ്പിക്കുക. ഇനി രാത്രികാലത്തും പോസ്റ്റുമോർട്ടം ചെയ്യാമെന്നിരിക്കെ അവയവദാനത്തിന്റെ മാർഗതടസങ്ങൾ വലിയൊരു പരിധിവരെ ഒഴിവാകും.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി മെമ്പറാണ് ലേഖകൻ ഫോൺ - 9400328438