-uddhav-thackeray

മുംബയ്: വിമതരെ അനുനയിപ്പിക്കാനുള്ള നീക്കം വിഫലമായതോടെ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സര്‍ക്കാര്‍ പിരിച്ചുവിടാന്‍ നീക്കങ്ങൾ നടക്കുന്നു. മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങൾ നിയമസഭ പിരിച്ചുവിടുന്നതിലേക്കാണ് നീങ്ങുന്നതെന്ന് ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുമായ സഞ്ജയ് റാവുത്ത്‌ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സഖ്യ സര്‍ക്കാര്‍ രാജിവയ്‌ക്കുമെന്ന സൂചനകള്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചിരിക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

महाराष्ट्रातील राजकीय घडामोडींचा प्रवास विधान सभा बरखास्तीचया दिशेने..

— Sanjay Raut (@rautsanjay61) June 22, 2022

തിങ്കളാഴ്ച ലെജിസ്ലേറ്റിവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ കൂറുമാറി ബി. ജെ.പിക്ക് വോട്ട് ചെയ്‌ത മന്ത്രി ഏക് നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ രണ്ട് ഡസനിലേറെ ശിവസേന എം. എൽ. എമാർ ഗുജറാത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താവളമടിച്ചതോടെയാണ് വിമതരുടെ കലാപം പരസ്യമായത്. ഷിൻഡെക്കൊപ്പം 25 സേനാ എം. എൽ. എമാരുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഷിൻഡെക്കൊപ്പമുള്ള എം.എല്‍.എമാരുമായി ചര്‍ച്ച നടത്തുമെന്ന് സഞ്ജയ് റാവുത്ത്‌ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ വിമത എം.എല്‍.എമാരെ തിരികെയെത്തിക്കാനുള്ള ചർച്ചകൾ ഗുണം കണ്ടില്ലെന്നാണ് സഞ്ജയ് റാവുത്തിന്റെ ട്വീറ്റില്‍ നിന്ന് വ്യക്തമാകുന്നത്.