kumbalangi

പച്ചപ്പിനാൽ സൗന്ദര്യ സമൃദ്ധമായ കൊച്ചു ഗ്രാമമാണ് കുമ്പളങ്ങി. കുമ്പളങ്ങിയുടെ ഗ്രാമഭംഗി തേടി നിരവധി പേരാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നത്. കേരളത്തിലെ ആദ്യ മാതൃകാ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങി ഒറ്റ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്നതാണ്. 'കുമ്പളങ്ങി നൈറ്റ്സ്' എന്ന സിനിമയിലൂടെ ഏവരെയും ആകർഷിച്ച ഈ ഗ്രാമം കൊച്ചിയിലാണ്.

kumbalangi

ഒരിടവേളയ്ക്ക് ശേഷം കുമ്പളങ്ങി വീണ്ടും വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാകുകയാണ്. കായലിനോട് ചേർന്നുള്ള കല്ലഞ്ചേരി ചാലിൽ പെഡൽ ബോട്ടുകൾ കൂടി എത്തിയതോടെ കുട്ടികൾക്കും ബോട്ടിംഗ് ഇഷ്ടപ്പെടുന്നവർക്കും സന്ദർശിക്കാൻ പറ്റിയ സ്ഥലമായി കുമ്പളങ്ങി മാറിയിരിക്കുകയാണ്. മനോഹരമായ കണ്ടൽ കാടുകളും വ്യക്തമായി ദർശിക്കാവുന്ന സൂര്യാസ്തമയവും ഒപ്പം ബോട്ടിംഗുമാണ് കുമ്പളങ്ങിയെ കൂടുതൽ ആകർഷകമാക്കുന്നത്. ചൂണ്ടയിടാന്‍ താൽപര്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

kumbalangi

ബോട്ട് യാത്രയ്ക്ക് മണിക്കൂറിന് ഒരാൾക്ക് 50രൂപയാണ് ഈടാക്കുന്നത്. രണ്ട് പേർക്ക് സഞ്ചരിക്കാവുന്നതും നാല് പേർക്ക് സഞ്ചരിക്കാവുന്നതുമായ ബോട്ടുകളാണുള്ളത്. 40 ഏക്കറോളം വിസ്താരമുള്ള ചാലിൽ അരികുകളിലായി സ്വാഭാവിക കണ്ടൽ മരങ്ങളുണ്ട്. വൈകുന്നേരങ്ങളിലാണ് ഇവിടം കൂടുതൽ മനോഹരമാകുന്നത്. രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് ആറുവരെയാണ് ബോട്ടിംഗ് ഉണ്ടാകുക.

kumbalangi

എങ്ങനെ എത്താം

കുമ്പളങ്ങിയിൽ എത്താൻ രണ്ട് വഴികളുണ്ട്. ചെല്ലാനം കണ്ണമാലി വഴി പുത്തങ്കരി കടന്നാൽ കുമ്പളങ്ങിയെത്താം. അരൂർ ഇടക്കൊച്ചി വഴി പാലം കയറിയാലും ചെന്നിറങ്ങുന്നതു കുമ്പളങ്ങിയിലാണ്.