ബീഫ് വിഭവങ്ങൾ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും അല്ലേ? പൊറോട്ടയോടും ചപ്പാത്തിയോടുമൊപ്പം വിവിധ രുചിയിലെ ബീഫ് വിഭവങ്ങൾ നാം പരീക്ഷിക്കാറുമുണ്ട്. അധികമാർക്കും കേട്ട് പരിചയമില്ലാത്ത ഒരു ബീഫ് വിഭവവുമായി എത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സിനിമ-സീരിയൽ താരം രാജീവ് രംഗൻ.
കണ്ണൂരുകാരുടെ സ്പെഷ്യൽ വിഭവമാണ് ബീഫ് കക്കം
ആവശ്യമായ ചേരുവകൾ
ബീഫ് ഒരു കിലോ
മൂന്ന് സവോള അരിഞ്ഞത്
തക്കാളി ചെറുതായി അരിഞ്ഞത്
മല്ലിയില
പച്ചമുളക്
കറിവേപ്പില
ഉപ്പ്
കുരുമുളക് പൊടി
നെയ്യ്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്
ഗരം മസാല
തയ്യാറാക്കേണ്ട വിധം
സവോള അരിഞ്ഞത്, തക്കാളി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില, ഒരു ടീസ്പൂൺ മല്ലിപ്പൊടി, രണ്ട് ടീസ്പൂൺ മുളക് പൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു നുള്ള് ഗരം മസാല, ആവശ്യത്തിന് കുരുമുളക് പൊടി, ഉപ്പ് എന്നിവ വേവിക്കാത്ത ബീഫിനൊപ്പം ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. അഞ്ച് മിനിട്ടോളം കൈക്കൊണ്ട് നന്നായി യോജിപ്പിക്കുക. ശേഷം അര മണിക്കൂർ മാറ്റിവയ്ക്കുക.
യോജിപ്പിച്ച് വച്ചിരിക്കുന്ന കൂട്ട് വെള്ളം ചേർക്കാതെ കുക്കറിൽ ഇട്ട് നാല് വിസിൽ വരെ വേവിക്കുക.
അടുത്തതായി ഒരു പാൻ അടുപ്പത്ത് വച്ച് അതിലേയ്ക്ക് നെയ്യ് ഒഴിക്കണം. ശേഷം വേവിച്ചുവച്ചിരിക്കുന്ന ബീഫ് കൂട്ട് ചേർക്കണം. ശേഷം അതിലെ ഗ്രേവി വറ്റി കുഴമ്പ് രൂപത്തിലാവുന്നത് വരെ ചെറുതീയിൽ വേവിക്കണം. കുറുകിക്കഴിയുമ്പോൾ കുറച്ച് കൂടി നെയ്യ് ചേർക്കണം. ശേഷം അൽപ്പം മല്ലിയില ചേർത്ത് നന്നായി ഇളക്കണം. ബീഫ് കക്കം തയ്യാർ.
