
ദുബായ് : സൂപ്പർ താരങ്ങൾ ദുബായിയിൽ ചെന്ന് ഗോൾഡൻ വിസ കൈപ്പറ്റുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. അപ്പോഴെല്ലാം സാധാരണക്കാർക്ക് ഇതൊക്കെ കിട്ടുമോ എന്ന് കരുതുന്നവരുണ്ടാവും. എന്നാൽ ഇപ്പോൾ മികച്ച പരീക്ഷാഫലം സ്വന്തമാക്കിയ അബുദാബി സ്‌കൂളിലെ 49 വിദ്യാർത്ഥികൾ ഗോൾഡൻ വിസയ്ക്ക് അർഹരായിരിക്കുകയാണ്. കേരള ബോർഡ് സിലബസ് പിന്തുടരുന്ന ഇന്ത്യൻ സ്‌കൂളിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ പെൺകുട്ടികളാണ് ഇവർ. സ്ഥാപനത്തിലെ 49 വിദ്യാർത്ഥികൾക്കാണ് യുഎഇ ഗോൾഡൻ വിസ നേടാനുള്ള യോഗ്യത കരസ്ഥമാക്കിയത്.
അബുദാബിയിലെ മോഡൽ സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളും 2021-22 അദ്ധ്യായന വർഷത്തേക്കുള്ള ഗ്രേഡ് 12 പരീക്ഷകളിൽ വിജയിച്ചു. ഇവിടെ പഠിച്ച 107 കുട്ടികളും വിജയിച്ച് ഉപരിപഠനത്തിന് അർഹരായി. തന്റെ ഈ വിദ്യാർത്ഥികളിൽ 49 പേർക്ക് യുഎഇ ഗോൾഡൻ വിസ ലഭിക്കാൻ അർഹതയുണ്ടെന്ന് പറയുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പ്രിൻസിപ്പാൾ ഒരു മാദ്ധ്യമത്തിനോട് പ്രതികരിച്ചു. 95 ശതമാനത്തിലധികം മാർക്ക് നേടിയ ഈ വിദ്യാർത്ഥികൾ ഗോൾഡൻ വിസയ്ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ മറികടന്നിട്ടുണ്ട്. ഗൾഫ് മേഖലയിലെ എപ്ലസ് ഗ്രേഡുകളിൽ പകുതിയോളം തന്റെ സ്ഥാപനത്തിൽ നിന്നാണെന്ന് സ്‌കൂൾ അധികൃതർ വെളിപ്പെടുത്തി.