arati

വാഷിംഗ്ടൺ : വൈറ്റ്‌ഹൗസിലെ ഓഫീസ് ഒഫ് സയൻസ് ആൻഡ് ടെക്നോളജി പോളിസിയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജയായ ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധ ഡോ. ആരതി പ്രഭാകറിനെ ( 63 ) നാമനിർദ്ദേശം ചെയ്ത് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ പ്രസിഡന്റിന്റെ മുഖ്യ ശാസ്ത്ര - സാങ്കേതിക ഉപദേഷ്ടാവായി ആരതി പ്രവർത്തിക്കും. മ​റ്റ് ഉപദേഷ്‌ടാക്കളെപ്പോലെ പ്രസിഡന്റിന്റെ കാബിന​റ്റിന്റെ ഭാഗമായിട്ടാകും പ്രവർത്തനം.

ഡൽഹിയിൽ ജനിച്ച ആരതി മൂന്നാം വയസിൽ കുടുംബത്തോടൊപ്പം യു.എസിലേക്ക് കുടിയേറുകയായിരുന്നു. എൻജിനിയറായ ആരതി ഡിഫൻസ് അഡ്വാൻസ്ഡ് റിസേർച്ച് പ്രോജക്ട് ഏജൻസിയുടെ മുൻ ഡയറക്ടറാണ്. ബിൽ ക്ലിന്റന്റെ കാലയളവിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്റ്റാൻഡേഡ്സ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടറായി. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ആരതി.