kk

കൊച്ചി: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ഇ.ഡി ചോദ്യം ചെയ്തു. അഞ്ചര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സ്വപ്നയെ വിട്ടയച്ചു. ചോദ്യം ചെയ്യൽ നാളെയും തുടരും.

കോടതിയിൽ സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇ.ഡി നടപടി. ആരോഗ്യപരമായ കാരണങ്ങളാൽ ചോദ്യം ചെയ്യൽ നേരത്തെ അവസാനിപ്പിച്ചെന്ന് സ്വപ്ന പറഞ്ഞു.

ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് ഇ.ഡി സ്വപ്നയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചത്. മുൻ മന്ത്രി കെ.ടി. ജലീൽ, മുൻ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും കോടതിയിൽ സ്വപ്ന രഹസ്യമൊഴി നൽകിയിരുന്നു. മൊഴിപ്പകർപ്പ് പരിശോധിച്ച എൻഫോഴ്‌സ്‌മെന്റ് കേന്ദ്ര ഡയറക്ടറേറ്റ് അന്വേഷണവുമായി മുന്നോട്ടുപോകാൻ നിർദ്ദേശം നൽകുകയായിരുന്നു. സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴിയും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്.