sasidharan

കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവും നാലാം വാർഡ് ചിത്രമൂലയിലെ സി.പി.എം അംഗവുമായ ശശിധരനെ (58) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശശിധരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. കമ്പളക്കാട് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വയനാട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക ബാദ്ധ്യതയോ മറ്റ് വ്യക്തിപരമായ പ്രശ്നങ്ങളോ ആണോയെന്ന് അന്വേഷിച്ചുവരികയാണ്. സി.പി.എം കണിയാമ്പറ്റ ലോക്കൽ കമ്മിറ്റിയംഗമാണ്. പഞ്ചായത്തുമായി ബന്ധപ്പെട്ട് ശശിധരന് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രസിഡന്റ് കമലാരാമൻ പറഞ്ഞു. ഭാര്യ: അനിത. മക്കൾ: വിജയ്, അജയ്.