af

കാബൂൾ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അഫ്ഗാനിസ്ഥാനിലുണ്ടായ ഏറ്റവും നാശംവിതച്ച ഭൂകമ്പമാണ് ബുധനാഴ്‌ച പുലർച്ചെയുണ്ടായത്. റിക്‌ചർ സ്‌കെയിലിൽ ആറ് രേഖപ്പെടുത്തിയ ഭൂകമ്പം കാരണം ആയിരത്തോളം പേർക്ക് ജീവൻ നഷ്‌ടമായതായും 1500 പേർക്ക് പരിക്കേറ്റതായുമായാണ് ഔദ്യോഗിക കണക്ക്. എന്നാൽ യഥാർത്ഥ കണക്ക് ഇതിന്റെ ഇരട്ടിയിലധികം വരുമെന്നാണ് നിലവിലെ സ്ഥിതി വ്യക്തമാക്കുന്നത്. തെരുവോരങ്ങളും കെട്ടിടങ്ങളുമെല്ലാം കനത്ത ഭൂകമ്പത്തിൽ തകർന്നടിഞ്ഞു. അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള‌ള ശ്രമങ്ങൾ തുടരുകയാണ്. സർക്കാർ അവരുടെ കഴിവിനനുസരിച്ച് പരമാവധി നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് മുതിർന്ന താലിബാൻ നേതാവ് അനസ് ഹഖാനി അറിയിച്ചു.

afgh

അഫ്ഗാൻ ഭൂകമ്പത്തിൽ ജീവനും സ്വത്തും നശിച്ചവർക്ക് ഇന്ത്യ അനുശോചനം അറിയിച്ചു. ആവശ്യമായ സഹായവും പിന്തുണയും നൽകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി അറിയിച്ചു. ഭൂകമ്പം വലിയ നാശം വിതച്ച പക്തിക പ്രവിശ്യയിൽ മാത്രം ആയിരത്തിലധികം പേർ മരിച്ചേക്കാമെന്നാണ് പ്രവിശ്യയിലെ ഇൻഫർമേഷൻ ആന്റ് കൾച്ചറൽ വിഭാഗം മേധാവി മുഹമ്മദ് അമിൻ ഹുസൈഫ അറിയിച്ചത്. സ്ഥലത്ത് മഴ പെയ്യുകയാണെന്നും തകർന്ന അവശിഷ്‌ടങ്ങൾക്കിടയിൽ ആയിരക്കണക്കിന് ആളുകൾ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

afg

ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവരും രക്ഷാപ്രവർത്തകരും അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ നെട്ടോട്ടമോടുകയാണെന്ന് താലിബാൻ നേതാക്കൾ പറഞ്ഞു. ഗ്രാമപ്രദേശത്തെ ചെളിയും മണ്ണും കൊണ്ട് നിർ‌മ്മിച്ച വീടുകളെല്ലാം ഏതാണ്ട് പൂർണമായും തകർന്ന നിലയിലാണ്.