
ന്യൂഡല്‍ഹി : പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കയിൽ ബൈഡൻ ഭരണകൂടം നടപടിയെടുക്കാൻ ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്. ഇതിനെ തുടർന്ന് ഇന്ത്യയിലും ഇന്ധനവില കുറയാൻ സാദ്ധ്യതയുണ്ടാകുമെന്നാണ് വിപണിയിലെ പ്രതീക്ഷ.
ഇന്ത്യ പ്രധാനമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വിലയിൽ ആറുശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് ആറു ഡോളറിലേറെ കുറഞ്ഞ് 108 ഡോളറിലാണ് ക്രൂഡ് വില എത്തിയത്. ജൂൺ എട്ടിന് 123 ഡോളറായിരുന്നു ഒരു ബാരൽ എണ്ണയുടെ വില. അമേരിക്കയിൽ അടുത്തകാലത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ ജോ ബൈഡൻ സർക്കാർ പ്രശ്നപരിഹാരത്തിന് നടപടിയെടുക്കുമെന്നാണ് റിപ്പോർട്ട്.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞത് ഇന്ത്യയിലും പ്രതിഫലിച്ചേക്കാം. വിലക്കയറ്റം പിടിച്ചുനിറുത്താൻ പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിൽ കേന്ദ്ര സർക്കാർ അടുത്തിടെ കുറവുവരുത്തിയിരുന്നു.