
മുംബയ് : മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന് അനുനയ നീക്കവുമായി എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാർ. സർക്കാർ വീഴാതിരിക്കാൻ ആവശ്യമെങ്കിൽ ശിവസേനയുടെ വിമതനേതാവ് ഏക്‌നാഥ് ഷിൻഡെയെ മു ഖ്യമന്ത്രിയാക്കാമെന്ന് പവാർ നിർദ്ദേശം വച്ചതായാണ് സൂചന. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി പവാർ ചർച്ച നടത്തി. സർക്കാരിനെ എന്തുചെയ്തും സംരക്ഷിക്കണമെന്ന് പവാർ ഉദ്ധവിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. സർക്കാർ താഴെവീഴുമെന്ന് ഉറപ്പായതോടെയാണ് പുതിയ നീക്കവുമായി പവാർ രംഗത്തെത്തിയത്.
അതേസമയം വിമത എം.എൽ.എമാർ എക്‌നാഥ് ഷിൻഡെയെ നിയമസഭാ കക്ഷിനേതാവായി പ്രഖ്യാപിച്ചു. സ്വതന്ത്രർ ഉൾപ്പെടെ 46 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്. പിന്തുണ അറിയിച്ച എം.എൽ.എമാർ ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്ത് നൽകി. മഹാവികാസ് അഘാടി സഖ്യത്തിൽ നിന്ന് ശിവസേന പുറത്ത് വന്ന് ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കണമെന്നാണ് ഷിൻഡെയുടെ ആവശ്യം.