police

പാലക്കാട്: വിക്‌ടോറിയ കോളേജിന് സമീപമുള‌ള വനിതാ ഹോസ്‌റ്റലിൽ ഇന്നലെ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥനും അറസ്‌റ്റിൽ. പുതുപ്പള‌ളിത്തെരുവ് സ്വദേശിയായ അനസിനെ കൊലപ്പെടുത്തിയ പ്രതി ഫിറോസിന്റെ സഹോദരൻ റഫീക്ക് ആണ് അറസ്‌റ്റിലായത്. ഇയാൾ പൊലീസ് ഉദ്യോഗസ്ഥനാണ്.

ഫിറോസും റഫീക്കും ചേർന്ന് ക്രിക്കറ്റ് ബാറ്റുകൊണ്ടാണ് അനസിനെ മർദ്ദിച്ചത്. വനിതാ ഹോസ്‌റ്റലിന് സമീപം പലതവണയായി വന്നിരുന്ന അനസിനെ വിലക്കിയിട്ടും വീണ്ടും വന്നതിന്റെ പേരിലാണ് വഴക്കുണ്ടായത്. തുടർന്ന് ശ്രമത്തിൽ നിന്നും പിൻമാറണമെന്ന് അനസിനോട് ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്തതിനെ തുട‌ർന്നാണ് മർദ്ദിച്ചത്.

അടി തലയിലേറ്റതോടെ ഗുരുതരാവസ്ഥയിലായ അനസിനെ ഫിറോസ് ഓട്ടോറിക്ഷയിൽ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റെന്ന് ഡോക്‌ടർമാരെ അറിയിച്ചു. എന്നാൽ ചികിത്സയ്‌ക്കിടെ അനസ് മരിച്ചതോടെ പൊലീസ് വിവരം അന്വേഷിച്ച് ഫിറോസിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

മർദനമേറ്റ് മരിച്ച അനസിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിൽ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വിവരമുണ്ട്.. മർദനത്തിൽ കാലിന് പരിക്കേറ്റുവെന്നും തലയിൽ നിന്ന് രക്തസ്രാവമുണ്ടായി എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെയാണ് പൊലീസ് ഉദ്യോഗസ്ഥനും സഹോദരനും ചേർന്ന് ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദിച്ചത്. അനസിനെ പൊലീസ് ഉദ്യോഗസ്ഥനായ റഫീക്കിനൊപ്പം എത്തിയ നരികുത്തി സ്വദേശി ഫിറോസ് മർദിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.