
മനില : ഫിലിപ്പീൻസിലെ തീരപ്രദേശ ഗ്രാമത്തിൽ ചത്ത് കരയ്ക്കടിഞ്ഞ് അത്യപൂർവ മെഗാമൗത്ത് ഷാർക്. സൊർസോഗൻ പ്രവിശ്യയിലെ വിദൂര ഗ്രാമമായ ഗുബോത്തിലെ മത്സ്യത്തൊഴിലാളികളാണ് ഈ സ്രാവിനെ കണ്ടെത്തിയത്.
100 വർഷത്തോളം ജീവിക്കുന്ന മെഗാമൗത്ത് ഷാർകിനെ വളരെ അപൂർവമായാണ് മനുഷ്യർക്ക് കാണാൻ കഴിയുക. കടലിന്റെ അടിത്തട്ടിലെ ഇരുണ്ട മേഖലകളിലാണ് ഇവയെ കാണപ്പെടുന്നത്. ഈ സ്രാവ് ഏതെങ്കിലും മത്സ്യബന്ധന വലയിൽ കുടുങ്ങിയാകാം കരയ്ക്കടിഞ്ഞതെന്ന് കരുതുന്നു.
സമുദ്രോപരിതലത്തിൽ നിന്ന് 15,000 അടി താഴ്ചയിൽ മെഗാമൗത്ത് ഷാർകുകൾക്ക് ജീവിക്കാനാകും. സ്രാവുകൾക്കിടെയിലെ ഏറ്റവും വലിയ സ്പീഷീസാണിത്. ഏകദേശം 16 അടിയോളം നീളവും 2,700 പൗണ്ട് ( 1,225 കിലോഗ്രാം ) വരെ ഭാരവും ഇവയ്ക്കുണ്ടാകും. ഫിലിപ്പീൻസിൽ ചത്ത് കരയ്ക്കടിഞ്ഞ മെഗാമൗത്ത് ഷാർകിന് 15 അടി നീളമുണ്ട്.
ഹവായിക്ക് സമീപം 1976ൽ യു.എസ് നേവിയിലെ ഗവേഷക സംഘമാണ് ആദ്യമായി മെഗാമൗത്ത് ഷാർകിനെ കണ്ടെത്തിയത്. അന്ന് മുതൽ വെറും 269 തവണ മാത്രമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവയെ കണ്ടെത്തിയെന്ന് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ഫ്ലോറിഡ മ്യൂസിയം അധികൃതർ പറയുന്നു. വൃത്താകൃതിയിലുള്ള വലിയ വായും തലയുമാണ് ഇവയുടെ പ്രത്യേകത. ശരീരത്തിന്റെ മുകൾ ഭാഗം ഇരുണ്ട ചാര നിറം മുതൽ തവിട്ട് നിറത്തിൽ വരെ കാണപ്പെടുന്നു.