
വാഷിംഗ്‌ടൺ: യു.എസിന് അറിയാവുന്നതിലൂം കൂടുതൽ റഷ്യൻ എണ്ണ ഇന്ത്യയും ചെെനയും വാങ്ങുന്നുണ്ടാവാമെന്ന് പ്രസിഡന്റ് ജോ ബെെഡന്റെ സാമ്പത്തിക ഉപദേഷ്‌ടാവ്. രാജ്യങ്ങളുടെ ഈ നടപടി ഇത് ആഗോള വിപണിയിലെ വിതരണ പ്രതിസന്ധി ലഘൂകരിക്കുമെന്നും സമീപകാല വിലയിടിവിന് കാരണമാവുമെന്നും ബെെഡന്റെ സാമ്പത്തിക ഉപദേഷ്‌ടാക്കളിൽ ഒരാളായ സെസിലിയ റൂസ് വ്യക്തമാക്കി. ഇപ്പോൾ എണ്ണ വിപണികൾ അസ്ഥിരമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി.
'എണ്ണ വില കുറയുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ ഈ യുദ്ധം നാളെ അവസാനിക്കാൻ പോകുന്നില്ലെന്നും ഞങ്ങൾക്കറിയാം. ദീർഘകാല വെല്ലുവിളികൾ നിലനിൽക്കുകയാണ്'- സെസിലിയ പറഞ്ഞു.ഗ്യാസ് നികുതി നിർത്തലാക്കാൻ അമേരിക്കൻ പ്രസിഡന്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചിലർ ഇതിനകം ചെയ്‌ത് കഴിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്.

റഷ്യയുടെ പസഫിക് തീരത്തെ തുറമുഖങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ക്രൂഡിന്റെ ഏക വിപണിയായി ചൈന ഉയർന്നുവരികയാണ്. പടിഞ്ഞാറൻ തീരത്തെ തുറമുഖങ്ങളിൽ നിന്നെത്തുന്ന ബാരലുകൾ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യമാകട്ടെ ഇന്ത്യയാണ്.
റഷ്യയുടെ തുറമുഖങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ക്രൂഡിന്റെ പകുതിയോളം വാങ്ങുന്നത് ഏഷ്യൻ രാജ്യങ്ങളാണ്. അതിൽ ആധിപത്യം പുലർത്തുന്നത് ഇന്ത്യയും ചെെനയുമാണ്. നിലവിൽ റഷ്യയെയാണ് എണ്ണ ഇറക്കുമതിയ്‌ക്കായി സൗദി അറേബ്യയേക്കാൾ കൂടുതലായി ചൈന ആശ്രയിക്കുന്നത്.
ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി റഷ്യ ഈയടുത്ത് മാറിയിരുന്നു. മേയിൽ 25 ദശലക്ഷം ബാരൽ എണ്ണയാണ് റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാഖിൽ നിന്നാണ്. സൗദി അറേബ്യയാണ് മൂന്നാം സ്ഥാനത്ത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണ്. രാജ്യത്ത് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്.
യുക്രെയിൻ അധിനിവേശത്തിനു ശേഷം യൂറോപ്യൻ കമ്മീഷൻ റഷ്യൻ ക്രൂഡ് ഓയിലിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. എണ്ണ കയറ്റുമതിയെ വൻതോതിൽ ആശ്രയിക്കുന്ന റഷ്യൻ സമ്പദ്‌വ്യവസ്ഥയിൽ സമ്മർദ്ദം ചെലുത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ഈ പ്രതിസന്ധിയെ നേരിടാൻ വൻ ഡിസ്കൗണ്ടുകളാണ് റഷ്യ പ്രഖ്യാപിച്ചത്.