ayodhya

ലക്‌നൗ: അയോദ്ധ്യയിൽ സരയൂ നദിയിലെ സ്നാനഘട്ടിൽ (രാം കി പൈഡി) കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ച യുവാവിനെ ജനക്കൂട്ടം മർദിച്ചവശനാക്കി. ക്രൂരമർദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ദമ്പതികൾ ഘട്ടിൽ മുങ്ങിക്കുളിക്കുന്നതാേടെയാണ് വീഡിയോ തു‌ടങ്ങുന്നത്. ഇതിനിടെ യുവാവ് ഭാര്യയെ ചുംബിക്കുന്നതും കാണാം. ഇത് കണ്ട് പ്രകോപിതനായ ഒരാൾ എത്തി യുവാവിനെ പിടിച്ചുവലിച്ച് ആക്രമിക്കാൻ ശ്രമിച്ചു. കരയിൽ കയറി രക്ഷപ്പെടാൻ ഇരുവരും ശ്രമിച്ചതോടെ കൂടുതൽ ആൾക്കാർ എത്തി യുവാവിനെ മർദിക്കുകയായിരുന്നു. ഭാര്യ ഇടയ്ക്കുകയറി യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. എങ്കിലും ജനക്കൂട്ടം മർദനം തുടരുകയാണ്.

വീഡിയോ വൈറലായെങ്കിലും സംഭവത്തെക്കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വീഡിയോയ്ക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. ദമ്പതികളെ കണ്ടെത്താനുള്ള ശ്രമവും വിജയിച്ചിട്ടില്ല. അന്വേഷണം തുടരുകയാണെന്നും പരാതി നൽകാൻ തയ്യാറായാൽ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

സരയൂ നദിയുടെ തീരത്തുള്ള സ്നാനഘട്ടുകളുടെ ഒരു പരമ്പരയാണ് രാം കി പൈഡി. പുണ്യ നദിയായി കണക്കാക്കുന്ന സരയുവിൽ പുണ്യസ്നാനം ചെയ്യാൻ രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും ധാരാളം തീർത്ഥാടകർ എല്ലാ ദിവസവും എത്താറുണ്ട്. .