anitha-pullayil

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ മോൺസൺ മാവുങ്കലിന്റെ ഇടനിലക്കാരി അനിത പുല്ലയിലിനെ ലോക കേരളസഭ നടക്കവെ നിയമസഭാ സമുച്ചയത്തിൽ പ്രവേശിക്കാൻ സഹായിച്ച കമ്പനിയുമായുള്ള കരാർ സഭാ ടിവി റദ്ദാക്കിയേക്കും. ഈ കമ്പനിയുടെ പ്രതിനിധിയാണ് അനിതയെ സഹായിച്ചതെന്നാണ് കണ്ടെത്തൽ. ഈ സംഭവത്തിലൂടെ ലോക കേരളസഭയ്ക്കും നിയമസഭയ്ക്കും കളങ്കമുണ്ടാക്കിയ സാഹചര്യത്തിലാണ് കമ്പനിക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്.

ഇതുസംബന്ധിച്ച് റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്പീക്കർ എംബി രാജേഷിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ സ്പീക്കർ ഇന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ. കരാർ അടിസ്ഥാനത്തിൽ സഭാ ടിവിയ്ക്ക് സാങ്കേതിക സഹായം നൽകി പ്രവർത്തിക്കുന്നതാണ് ഈ കമ്പനി. സഭാ ടിവിയുടെ ഒടിടി പ്ലാറ്റ്‌ഫോമിൽ അനിത പുല്ലയിലുമായുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്തതും വിവാദമായിരുന്നു.