
ഇസ്ലാമാബാദ്: രാജ്യത്തെ പണ ശേഖരം കുറയുന്നത് നേരിടാൻ, ചൈനീസ് ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 2.3 ബില്യൺ യുഎസ് ഡോളർ പാകിസ്ഥാൻ വായ്പയെടുക്കുന്നു. രണ്ട് ദിസവത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പണം കിട്ടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വായ്പ സംബന്ധിച്ച കരാറിൽ നേരത്തേ ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു. വായ്പ ലഭിക്കുന്നതോടെ പാകിസ്ഥാൻ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വായ്പ നൽകാൻ തയ്യാറായതിൽ ചൈനയ്ക്ക് പാകിസ്ഥാൻ നന്ദിയും അറിയിച്ചിട്ടുണ്ട്. കൊള്ളപ്പലിശയാണ് വായ്പകൾക്ക് ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്.
ചരിത്രത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാൻ ഇപ്പോൾ കടന്നുപോകുന്നത്. നിത്യച്ചെലവുകൾക്കുപോലും കടം വാങ്ങേണ്ട അവസ്ഥയാണ്. അധികാരത്തിലിരുന്നപ്പോൾ ഇമ്രാൻ ഖാൻ പിന്തുടർന്ന തെറ്റായ സാമ്പത്തിക നയങ്ങളാണ് രാജ്യത്തെ ഈ അവസ്ഥയിലെത്തിച്ചതെന്നാണ് പരക്കെയുള്ള ആക്ഷേപം. ഗൾഫ് രാജ്യങ്ങളുമായും അമേരിക്കയുമായും ഏറെ അകന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടി.
അതേസമയം, ചൈനയിൽ നിന്ന് വായ്പ സ്വീകരിച്ചതിനെതിരെ പലകോണുകളിൽ നിന്നും ശക്തമായ വിമർശനമാണ് ഉയരുന്നത്. സ്നേഹം നടിച്ച് ആശ്ലേഷിച്ചശേഷം രക്തം ഊറ്റിക്കുടിച്ച് കൊല്ലുന്നതാണ് ചൈനയുടെ രീതിയെന്നും ശ്രീലങ്കയുടെ അനുഭവം ഇതിന് ഉത്തമ ഉദാഹരണമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. പാകിസ്ഥാനിലെ ആദ്യത്തെ മെട്രോയായ ലാഹോർ ഓറഞ്ച് ലൈൻ പദ്ധതിക്കായി എടുത്ത വായ്പയുടെ തിരിച്ചടവ് അടുത്ത വർഷത്തോടെ തുടങ്ങണമെന്ന് ചൈന പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള പണം എങ്ങനെ കണ്ടെടുത്തുമെന്നറിയാതെ വിഷമിക്കുമ്പോഴാണ് കൂടുതൽ വായ്പയെടുക്കാനുള്ള നീക്കം. കടമെടുത്ത് കടം വീട്ടുന്ന രീതി രാജ്യത്തെ കൂടുതൽ ആപത്തിലേക്ക് എത്തിക്കുമെന്നാണ് ചൈനീസ് വായ്പയെ എതിർക്കുന്നവർ പറയുന്നത്. വിദേശ കടത്തിന്റെ തിരിച്ചടവ് കാരണം സ്റ്റേറ്റ് ബാങ്ക് ഒഫ് പാകിസ്ഥാന്റെ കൈവശമുള്ള വിദേശനാണ്യ കരുതൽ ശേഖരം 2.915 ബില്യൺ ഡോളറായി കുറഞ്ഞിട്ടുണ്ട്.
ശ്രീലങ്കയ്ക്ക് സംഭവിച്ചത്
ഇന്ത്യയെ അടിക്കാനുള്ള ഒരു വഴി എന്നനിലയിലാണ് ചൈന ശ്രീലങ്കയുമായി കൂടുതൽ അടുത്തത്. വാരിക്കോരി സഹായം ചെയ്ത് ആദ്യം ശ്രീലങ്കയെ കൈയിലെടുത്തു. ലങ്കയിലെ സർവ ശക്തരായിരുന്ന രാജപക്സെ കുടുംബവുമായിട്ടായിരുന്നു ചൈനക്കാർക്ക് ഇടപാടുകൾ എല്ലാം. രാജ്യത്തെ യൂറോപ്യൻ രീതിയിലേക്ക് ഉയർത്താമെന്ന മോഹന വാഗ്ദ്ധാനം കേട്ടതോടെ രാജപക്സെ വീണു. കൊളംബോയിൽ ഗോൾഫേസ് തീരത്ത് കടൽ നികത്തലും ഹംബൻതോട്ട തുറമുഖവും വിമാനത്താവളവുമൊക്കെ ചൈന ലങ്കയ്ക്ക് നിർമിച്ചു കൊടുത്തു. കോടികളാണ് ഇതിനായി ചെലവാക്കിയത്. വമ്പൻ നിർമിതികളായിരുന്നുവെങ്കിലും രാജ്യത്തെ ജനങ്ങൾക്ക് ഇതൊന്നും പ്രയോജനപ്പെട്ടതേയില്ല. ആരും അവിടേക്ക് തിരിഞ്ഞുനോക്കാതായതോടെ മുടക്കിയ കോടികൾ എല്ലാം വെറുതേയായി. പക്ഷേ, യാഥാർത്ഥ്യം സമ്മതിച്ചുകൊടുക്കാൻ ചൈന തയ്യാറായിരുന്നില്ല. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവാക്കേണ്ടി വന്ന തുക കടമായി കണക്കാക്കിയ ചൈന തിരിച്ചടവിന് ശ്രീലങ്കയെ നിർബന്ധിച്ചുകൊണ്ടേയിരുന്നു. ഇതാണ് ലങ്കയെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിച്ചത്. നയാ പൈസ കൈയിലില്ലാത്ത ശ്രീലങ്കയെ ഇപ്പോൾ സഹായിക്കുന്നത് ഇന്ത്യയാണ്.