dream

കവിത

ചിരിച്ചുള്ളം തെളിച്ചുകൊണ്ടരികത്തുവന്നി -
ട്ടിടക്കിടെക്കണ്ണുപൊത്തി തിടുക്കമായെന്തോ
കിലുക്കമായ് കാതിലെത്തും കിളിക്കൊഞ്ചലൂർജ്ജം
മിഴിക്കോണിലുദിക്കുന്നോരരുണസ്വപ്‌നങ്ങൾ!
ഇഴചേർത്താളൊരുക്കുന്നൊരതീന്ദ്രിയജാലം
കുതിച്ചെത്തി കിതപ്പാറ്റാതൊരു മാത്രയെന്നും
കൊതിയുള്ളിലൊളിപ്പിക്കാതതിവേഗമെത്തും
ഉണർവ്വിന്റെ തിരികത്തിപ്പുണരുമാവേശം
പരിഭവക്കെട്ടു പൊട്ടിച്ചിടവേള നീളേ
കരച്ചിലായ് കണ്ണിൽ നീരിൻ തിരച്ചാർത്തിൻമേളം.
വിളിപ്പാടിന്നകലത്തിൽ വികലമാമുക്തി
വിതുമ്പലായ് തുടിച്ചകം കിതപ്പാറ്റും മോഹം
തിരിയൊന്നായ് തെളിച്ചകത്തരുളുന്നോരീശൻ
വരമേകിപ്പുണർന്നോതുമതിശയരാഗം.
കൊടുക്കൽവാങ്ങലിൽ ധന്യക്കരുത്തുമായുള്ളം
തുടിക്കുമ്പോളധരത്തിൽ അരിമുല്ലക്കൂട്ടം
വെളിച്ചമായ് തെളിച്ചമായകം നിറച്ചൂർജ്ജ-
പ്രവാഹമായൊരായുസ്സിൻ നിറവാർന്നസ്വപ്നം.