east-coast-vijayan

ദുബായ്: പ്രമുഖ ചലച്ചിത്ര നിർമാതാവും സംവിധായകനും ഗാനരചയിതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിൽ വച്ച് അദ്ദേഹം ഗോൾഡൻ വിസ ഏറ്റുവാങ്ങി. വീഡിയോ ആൽബങ്ങൾ, മാപ്പിളപ്പാട്ട്, ഭക്തിഗാനങ്ങൾ തുടങ്ങി സിനിമാ ഗാനങ്ങൾ വരെ, തൊട്ടതെല്ലാം ഹിറ്റാക്കിയ കലാകാരനാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ. ഇതിൽ, ആദ്യമായ്, ഓർമ്മക്കായ്, നിനക്കായ്, ഒരിക്കൽ നീ പറഞ്ഞു, സ്വന്തം, ഇനിയെന്നും, മിദാദ്, ജദീദ് എന്നീ വീഡിയോ ആൽബങ്ങൾ ഏറെ ശ്രദ്ധയമാണ്.

1998ൽ നിനക്കായ് എന്ന സംഗീത ആൽബം ഈസ്റ്റ്‌കോസ്റ്റിന്റെ ബാനറിൽ നിർമ്മിച്ചുകൊണ്ടാണ് വിജയൻ തന്റെ കലാപ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ബാല ഭാസ്‌ക്കറിന്റെ സംഗീതത്തിൽ വിജയൻ തന്നെ വരികൾ എഴുതിയ ആൽബത്തിലെ ഗാനങ്ങൾ വലിയതോതിൽ ജനപ്രീതി നേടി. തുടർന്ന് ആദ്യമായ്, ഓർമ്മയ്ക്കായ്, സ്വന്തം, ഇനിയെന്നും, എന്നെന്നും എന്നു തുടങ്ങി ആറ് ആൽബങ്ങൾ മലയാളത്തിൽ അദ്ദേഹം ഒരുക്കി. എന്നെന്നും തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പുറത്തിറക്കിയിട്ടുണ്ട്. റൊമാന്റിക് ആൽബങ്ങൾക്ക് പുറമേ പത്തിലേറെ ഗസലുകളും വിജയൻ രചിച്ചിട്ടുണ്ട്. ഇതിൽ ഒരിക്കൽ നീ പറഞ്ഞു എന്ന ഗസൽ ആൽബത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധേയമാണ്.

2008ൽ ജയറാം, സദ എന്നിവരെ നായികാ നായകന്മാരാക്കി നോവൽ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്ന ഈസ്റ്റ് കോസ്റ്റ് വിജയൻ 2011 ൽ മൊഹബത്ത്, 2019 ൽ ചില ന്യൂജൻ നാട്ടുവിശേഷങ്ങൾ എന്നീ സിനിമകൾ സംവിധാനം ചെയ്തു. നോവൽ, മൊഹബത്ത് എന്നീ സിനിമകൾക്ക് തിരക്കഥ, സംഭാഷണം എന്നിവ രചിച്ചതും വിജയൻ തന്നെയായിരുന്നു. 2012 ൽ ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് രചനയും സംവിധാനവും നിവഹിച്ച മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ 'മൈ ബോസി'ന്റെ നിർമാതാവും വിജയനായിരുന്നു. നോവൽ, മൊഹബത്ത്, ജിലേബി, ചില ന്യൂജൻ നാട്ടുവിശേഷങ്ങൾ എന്നീ സിനിമകളുടെ നിർമാതാവും ഈസ്റ്റ് കോസ്റ്റ് വിജയനായിരുന്നു. ആൽബങ്ങളിലും സിനിമകളിലുമായി അൻപതിലധികം ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് വിജയൻ രചിച്ചിട്ടുണ്ട്. ഇതിനു പുറമെ അദ്ദേഹം കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും നിരവധി സ്റ്റേജ് ഷോകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.