
ചണ്ഡിഗഡ്: ഹരിയാനയിൽ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിയിൽ പങ്കെടുക്കുന്ന യുവാക്കളെ സാമൂഹികമായി ഒറ്റപ്പെടുത്താനൊരുങ്ങി ഖാപ് പഞ്ചായത്ത് നേതാക്കളും കർഷക സംഘടനാ പ്രതിനിധികളും. പദ്ധതിയെ പിന്തുണയ്ക്കുന്ന ബിജെപി- ജെജെപി (ജനനായക് ജനതാ പാർട്ടി) നേതാക്കളെയും കോർപ്പറേറ്റ് കമ്പനികളെയും ബഹിഷ്കരിക്കുമെന്നും ഇവർ പ്രഖ്യാപിച്ചു.
ഹരിയാനയിലെ റോഹ്‌തക് ജില്ലയിലെ സാംപ്ള പട്ടണത്തിൽ ഇന്നലെ നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.യോഗത്തിൽ ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ ഖാപ് സമുദായത്തിന്റെയും മറ്റ് സമുദായങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു.ഇതിൽ വിവിധ വിദ്യാർത്ഥി സംഘടനകളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.
പദ്ധതിയ്ക്കായി അപേക്ഷിക്കുന്നവരെ സാമൂഹികമായി ഒറ്റപ്പെടുത്തുമെന്ന് ദംഗർ ഖാപ്പിന്റെ മേധാവിയും യോഗത്തിൽ അദ്ധ്യക്ഷനുമായിരുന്ന ഓം പ്രകാശ് ദംഗർ പറഞ്ഞു. അഗ്നിവീർ എന്ന പേരിൽ യുവാക്കളെ തൊഴിലാളികളാക്കുന്ന ഈ പദ്ധതി തങ്ങൾ ബഹിഷ്കരിക്കുകയാണ്. ബിജെപി നേതാക്കൾ പ്രവാചകനിന്ദ നടത്തിയതിന് പിന്നാലെ ചില ഗൾഫ് രാജ്യങ്ങൾ ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിച്ചുപോലെ പദ്ധതിയെ പിന്തുണയ്ക്കുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ വേണ്ടെന്ന് വയ്ക്കണം. ഇത്തരം സ്ഥലങ്ങളിൽ നിന്നായി 10,000 രൂപയ്ക്ക് മുകളിലുള്ള സാധനങ്ങൾ വാങ്ങരുതെന്നും ഓം പ്രകാശ് ദംഗർ വ്യക്തമാക്കി.
പദ്ധതിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അറസ്റ്റിലായവരെ വിട്ടയക്കണമെന്നും സാംപ്ളയിലെ ഛോട്ടു രാം ദമിൽ സ്ഥിരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇതിൽ പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കണമെന്നും ഓം പ്രകാശ് പറഞ്ഞു.