adani
ഗൗതം അദാനി

ന്യൂഡൽഹി: സാമൂഹിക ക്ഷേമപ്രവർത്തനത്തിന് 60,000 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനി. ഇന്ന് അദാനിയുടെ 60-ാം പിറന്നാളും പിതാവ് ശാന്തിലാൽ അദാനിയുടെ ജന്മ ശതാബ്ദിവർഷവുണ്. ഇതോടനുബന്ധിച്ച് ബ്ളൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അദാനി ഫൗണ്ടേഷനിലൂടെ ആരോഗ്യം, വിദ്യാഭ്യാസം, വൈദഗ്ദ്ധ്യ വികസനം തുടങ്ങിയ മേഖലകളിലാണ് പണം ചെലവിടുകയെന്നും ഇന്ത്യൻ കോർപ്പറേറ്റ് രംഗത്തുനിന്ന് സാമൂഹികക്ഷേമത്തിനായി ഇത്രവലിയ തുക ഒരു പ്രമോട്ടറും കുടുംബവും നീക്കിവയ്ക്കുന്നത് ആദ്യമാണെന്നും അദാനി പറഞ്ഞു.

9,200 കോടി ഡോളർ (7.17 ലക്ഷം കോടി രൂപ) ആസ്തിയുമായി ബ്ളൂംബെർഗിന്റെ ശതകോടീശ്വര പട്ടികയിൽ എട്ടാമനാണ് അദാനി. ശതകോടീശ്വരന്മാരായ ബിൽ ഗേറ്റ്‌സ്, വാറൻ ബഫറ്റ്, മാർക്ക് സക്കർബർഗ് എന്നിവരും സ്വന്തം ആസ്‌തിയിൽ നിന്ന് വൻതുക സാമൂഹികക്ഷേമത്തിന് മാറ്റിവച്ചവരാണ്.