aiff

ന്യൂഡൽഹി: ഈ മാസമാദ്യം നടന്ന എ.എഫ്.സി എഷ്യണ കപ്പ് യോഗ്യതാ ടൂർണമെന്റിൽ ഇന്ത്യൻ ഫുട്ബാൾ ടീമിനെ പ്രചോദിപ്പിക്കാനും യോഗ്യത ഉറപ്പാക്കാനുമായി ഒരു ജ്യോതിഷ ഏജൻസിയെ 16 ലക്ഷം രൂപ നൽകി ആൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) നിയോഗിച്ചത് വിവാദമായി.

എ.എഫ്.സി കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുമ്പായി ഒരു മോട്ടിവേറ്ററെ ടീമിനൊപ്പം നിയമിച്ചിരുന്നുവെന്നും പിന്നീട് ഇയാൾ ഒരു ജ്യോതിഷ ഏജൻസിയുടെ ഭാഗമാണെന്ന് വ്യക്തമാകുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ജ്യോതിഷികളടങ്ങിയ ഈ ഏജൻസി ഇന്ത്യൻ ടീമിന് മൂന്ന് സെഷനുകൾ ക്ലാസെടുത്തിട്ടുണ്ടെന്നാണ് വിവരം. ഈ സംഭവം വിവാദമായതോടെ പ്രതികരണത്തിനായി എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി സുനന്ദോ ദറിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ലെന്ന് ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.