
ന്യൂഡൽഹി: ഏറെ ഡിമാൻഡുള്ള 160 സിസി സ്പോർട്സ് ബൈക്ക് വിഭാഗത്തിൽ ബജാജിന്റെ ഏറ്റവും പുതിയ മോഡലാണ് പൾസർ എൻ 160. പൾസറിന്റെ തന്നെ എൻ 250നെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് എൻ 160യും ഡിസൈൻ ചെയ്തിരിക്കുന്നത്. വിപണിയിൽ ടിവിഎസ് അപ്പാഷെ ആർടിആർ 160 4വി, യമഹ എഫ്സി, സുസുക്കി ജിക്സർ എന്നവരാകും എൻ 160യുടെ പ്രധാന എതിരാളികൾ. എൻ 250യുടെ ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്നതിനാൽ തന്നെ ഡിസൈനിലും മറ്റും എൻ 250യെ പിന്തുടരാൻ ബജാജ് ശ്രദ്ധിച്ചിട്ടുണ്ട്. സിംഗിൾ ചാനൽ എബിഎസിന് 1.23 ലക്ഷവും ഡ്യുവൽ ചാനൽ വേരിയന്റിന് 1.28ലക്ഷവുമാണ് ഡൽഹിയിലെ എക്സ് ഷോറൂം വില .
ഡിസൈനിലെ ഏറ്റവും വലിയ മാറ്റം വരുന്നത് എക്സ്ഹൗസ്റ്റിലാണ്. എൻ 250യിൽ മറ്റ് വാഹനങ്ങളുടേതിന് സമാനമായ സൈഡ് സ്ളിംഗ് എക്സ്ഹൗസ്റ്റ് ആണെങ്കിൽ എൻ 160യിൽ ഇത് അണ്ടർബെല്ലി സൈലൻസറാണ്. പൾസർ എൻ എസ് 160യിൽ ഘടിപ്പിച്ചിട്ടുള്ളതിന് സമാനമായ സൈലൻസർ തന്നെയാണ് എൻ 160യിലും ബജാജ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ വാഹനം ആദ്യമായി കാണുന്നവർ ആദ്യം ശ്രദ്ധിക്കുക ഇതിന്റെ എക്സ്ഹൗസ്റ്റ് അഥവാ സൈലൻസറിലായിരിക്കും.
എക്സ്ഹൗസ്റ്റിലെ ഈയൊരു വ്യത്യാസം ഒഴിച്ചുനിർത്തിയാൽ ബാക്കിയെല്ലാം എൻ 250ക്ക് സമാനമായ രീതിയിലാണ് ബജാജ് ചെയ്തിരിക്കുന്നത്. സിംഗിൾ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ്, ഇരുവശത്തും LED ഡേടൈം റണ്ണിംഗ് ലാമ്പുകൾ. ഇന്ധന ടാങ്ക്, ടാങ്ക് എക്സ്റ്റൻഷനുകൾ, സ്പ്ലിറ്റ് സീറ്റുകൾ, അലോയ് വീലുകൾ എന്നിവയെല്ലാം ഒറ്റനോട്ടത്തിൽ എൻ 250യെ ഓർമിപ്പിക്കുന്നതാണ്.

മറ്റ് പൾസറുകളെക്കാളും ഭാരം കുറഞ്ഞ പുതിയ ട്യൂബിലാർ ഷാസിയാണ് എൻ 160യുടെ മറ്റൊരു പ്രത്യേകത. ഇതിനു പുറമേ ഈ സെഗ്‌മെന്റിൽ ഉൾപ്പെട്ട മറ്റ് വാഹനങ്ങൾക്കൊന്നും അവകാശപ്പെടാൻ സാധിക്കാത്ത ഡ്യുവൽ ചാനൽ ചാനൽ എബിഎസും എൻ 160യുടെ സവിശേഷതയാണ്. ഡ്യുവൽ ചാനൽ വേരിയന്റിന് 300 എംഎം ഫ്രണ്ട് ഡിസ്‌കും സിംഗിൾ ചാനൽ വേരിയന്റിന് 280 എംഎം ഫ്രണ്ട് ഡിസ്‌ക്കും ലഭിക്കും. 230 എം എമ്മിന്റെ റിയർ ഡിസ്ക്കാണ് രണ്ട് വേരിയന്റുകളിലും ഉപയോഗിച്ചിട്ടുള്ളത്. യുഎസ്ബി ചാർജിംഗ് പോർട്ട്, 14 ലിറ്റർ ഇന്ധന ടാങ്ക്, ഗിയർ പൊസിഷൻ, ക്ലോക്ക്, ഇന്ധനക്ഷമത, റേഞ്ച് എന്നിവ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ - അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ആകർഷകമായ വിധത്തിൽ ചെയ്യാൻ ബജാജ് ശ്രദ്ധിച്ചിട്ടുണ്ട്.
16എച്ച് പി പവറും 14.65എൻഎൺ ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 164.82 സിസി ഓയിൽ - കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് എൻ 160യ്ക്ക് കരുത്ത് പകരുന്നത്. എൻ എസ് 160നെ അപേക്ഷിച്ച് 1.2 എച്ച് പി പവർ കുറവാണെങ്കിലും ടോർക്ക് കുറയ്ക്കാത്തതിനാൽ തന്നെ റൈഡിംഗ് വേളയിൽ ഈ കുറവ് കാര്യമായി അറിയാൻ സാദ്ധ്യതയില്ല. എൻ എസ് 160യിൽ നാല് വാൾവ് ഉണ്ടായിരുന്നെങ്കിൽ എൻ 160യിൽ എത്തുമ്പോൾ ബജാജ് രണ്ട് വാൾവുകൾ മാത്രമുള്ള എൻജിനാണ് തിരഞ്ഞെടുത്തത്. മറ്റ് എല്ലാ പൾസറുകളെയും പോലെ അഞ്ച് സ്പീഡ് ഗിയറിന്റെ ഗിയർ ബോക്സ് യൂണിറ്റ് തന്നെയാണ് തന്നെയാണ് എൻ 160യിലും ഉപയോഗിച്ചിട്ടുള്ളത്.
മുന്നിൽ 37എംഎമ്മിന്റെ ടെലിസ്കോപിക്ക് ഫോർക്ക് സസ്പെൻഷനും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാണ് എൻ160യിൽ ഉപയോഗിച്ചിട്ടുള്ളത്. മുന്നിൽ 17 ഇഞ്ചിന്റെ 100/80 ഉം പിന്നിൽ 17 ഇഞ്ചിന്റെ തന്നെ 130/70 സൈസിലുള്ള ചക്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സിംഗിൾ ചാനൽ വേരിയന്റിന് 152 കിലോഗ്രാമും ഡ്യുവൽ ചാനൽ വേരിയന്റിന് 154 കിലോഗ്രാം ഭാരവും ഉണ്ട്.