
മുംബയ് 374, മദ്ധ്യ പ്രദേശ് 123/1
ബെംഗളുരു : ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള ക്ഷണം ഉറപ്പിക്കുന്ന പ്രകടനവുമായി സർഫ്രാസ് ഖാൻ(134) മറ്റൊരു സെഞ്ച്വറി കൂടി നേടി മദ്ധ്യ പ്രദേശിനെതിരായ രഞ്ജി ട്രോഫി ഫൈനലിൽ മുംബയ്‌യെ ഒന്നാം ഇന്നിംഗ്സിൽ 374ലെത്തിച്ചു. എന്നാൽ രണ്ടാം ദിവസം മറുപടി ബാറ്റിംഗിനിറങ്ങിയ മദ്ധ്യ പ്രദേശ് കളിനിറുത്തുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 123 റൺസെടുത്ത് കടുത്ത പോരാട്ടം ഉറപ്പുവരുത്തിയിരിക്കുകയായിരുന്നു.
ഇന്നലെ 248/5 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ മുംബയ്‌യെ ഏറെക്കുറെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു സർഫ്രാസ്. 40 റൺസുമായി ബാറ്റിംഗ് തുടരാനെത്തിയ സർഫ്രാസ് മറ്റേ അറ്റത്ത് ഒാരോരുത്തരായി നഷ്ടപ്പെടുമ്പോഴും ഉറച്ച ഷോട്ടുകളുമായി സെഞ്ച്വറിയിലേക്ക് കുതിച്ചു. 243 പന്തുകൾ നേരിട്ട് 13 ഫോറുകളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ 134 റൺസടിച്ച സർഫ്രാസ് അവസാനക്കാരനായാണ് കളം വിട്ടത്. ആദ്യ ദിനം യശ്വസി ജയ്സ്വാൾ(78),പൃഥ്വി ഷാ(47) എന്നിവർ മുംബയ്ക്കായി മികച്ച ബാറ്റിംഗ് കാഴ്ചവച്ചിരുന്നു.
മദ്ധ്യപ്രദേശിനായി മീഡിയം പേസർ ഗൗരവ് യാദവ് നാലുവിക്കറ്റ് വീഴ്ത്തി. അനുഭവ് അഗർവാളിന് മൂന്ന് വിക്കറ്റ് ലഭിച്ചു. സാരാംഷ് ജെയ്ൻ രണ്ട് വിക്കറ്റ് നേടി.
ചായയ്ക്ക് മുമ്പ് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ മദ്ധ്യ പ്രദേശിനായി ഓപ്പണർമാരായ ഹിമാംശു മന്ത്രിയും (31) യഷ് ദുബെയും (44നോട്ടൗട്ട്) ചേർന്ന് 47 റൺസ് നേടി. ചായയ്ക്ക് ശേഷമാണ് ഹിമാംശുവിനെ തുഷാർ ദേശ്പാണ്ഡെഎൽ.ബിയിൽ കുരുക്കിയത്. തുടർന്നിറങ്ങിയ ശുഭം ശർമ്മ പുറത്താവാതെ 41 റൺസ് നേടി നിൽക്കുകയാണ്. യഷ് ദുബെയും ശുഭം ശർമ്മയും ചേർന്ന് ഇതുവരെ കൂട്ടിച്ചേർത്തത് 73 റൺസാണ്.251 റൺസ് പിന്നിലാണ് ഇപ്പോൾ മദ്ധ്യ പ്രദേശ് .
937
ഈ സീസൺ രഞ്ജി ട്രോഫിയിലെ ടോപ് സ്കോററാണ് സർഫ്രാസ് ഖാൻ. ആറ് മത്സരങ്ങളിലെ എട്ട് ഇന്നിംഗ്സുകളിൽ നിന്ന് നാല് സെഞ്ച്വറികളുടെയും രണ്ട് അർദ്ധ സെഞ്ച്വറികളുടെയും അകമ്പടിയോടെയാണ് സർഫ്രാസ് ഇത്രയും റൺസ് നേടിയത്.275 റൺസാണ് ഉയർന്ന സ്കോർ.
കൊല്ലപ്പെട്ട പഞ്ചാബി ഗായകർ സിദ്ധു മൂസേവാലയ്ക്ക് ആദരമായി അദ്ദേഹത്തിന്റെ ചുവടുകൾ അനുകരിച്ചാണ് സെഞ്ച്വറി നേടിയ ശേഷം സർഫ്രാസ് ആഘോഷപ്രകടനം നടത്തിയത്.