
ചെന്നൈ: മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്നലെ ചെന്നൈ വാനഗരത്ത് നടന്ന എ.ഐ.എ.ഡി.എം.കെ ജനറൽ കൗൺസിൽ യോഗം അലസിപ്പിരിഞ്ഞു. ഏകീകൃത നേതൃത്വം വേണമെന്ന അംഗങ്ങളുടെ ആവശ്യത്തോട് മുഖംതിരിച്ച പാർട്ടി കോ-ഓർഡിനേറ്റർ ഒ. പനീർശെൽവവും അനുയായികളും യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയി. ഇവർക്കെതിരെ ചിലർ വെള്ളക്കുപ്പികളും മറ്റും വലിച്ചെറിഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി.
ഒ.പി.എസും ജോയിന്റ് കോ-ഓർഡിനേറ്റർ എടപ്പാടി കെ. പളനിസ്വാമിയും തമ്മിലുള്ള അധികാര തർക്കത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന കൗൺസിൽ യോഗത്തിൽ ഏകീകൃത നേതൃത്വമെന്ന ആവശ്യത്തിൽ അംഗങ്ങൾ ഉറച്ചുനിന്നതിനാൽ അജൻഡയിലെ 23 പ്രമേയങ്ങൾ ചർച്ച ചെയ്തില്ല.
അടുത്ത ജനറൽ കൗൺസിൽ യോഗം ജൂലായ് 11ന് നടക്കുമെന്ന് പാർട്ടിയുടെ പ്രസീഡിയം ചെയർമാനായി പ്രഖ്യാപിച്ച ഡോ. തമിഴ്‌മകൻ ഹുസൈൻ പറഞ്ഞു.
എല്ലാ നിർദ്ദേശങ്ങളും പാർട്ടി അംഗങ്ങൾ തള്ളിക്കളയുകയാണെന്ന് മുൻ മന്ത്രി സി.വി. ഷൺമുഖം പറഞ്ഞു. പാർട്ടി ഏകീകൃത നേതൃത്വത്തിനുള്ള പ്രമേയത്തിനൊപ്പം മറ്റ് പ്രമേയങ്ങളും വീണ്ടും അവതരിപ്പിച്ചാലേ പാസാക്കുകയുള്ളൂവെന്നും പറഞ്ഞു. യോഗത്തെ തുടർന്ന് നഗരത്തിൽ വൻ ഗതാഗതക്കുരുക്കുണ്ടായി.