
ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് വ്യാപനം തടയാൻ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു. കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രോഗബാധിതരുടെയും ചികിത്സയിലുള്ളവരുടെയും നിരീക്ഷണം ശക്തമാക്കണമെന്നും പരിശോധന വർദ്ധിപ്പിക്കണമെന്നും വാക്സിനേഷൻ വേഗത്തിലാക്കണമെന്നും മൻസുഖ് മാണ്ഡവ്യ യോഗത്തിൽ നിർദ്ദേശിച്ചു. വകഭേദം കണ്ടെത്തുന്നതിന് സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 24 മണിക്കൂറിനിടെ 13,313 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം 13000 കടന്നതോടെ ജാഗ്രത കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2.03 ശതമാനമാണ് പുതിയ ടി.പി.ആർ. 60 ശതമാനം രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.
അതേസമയം കേരളത്തിൽ ഇന്ന് 3981 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ഏഴു മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്. 970 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് 880 പേർക്ക് രോഗം സ്ഥിരീകരിച്ചു.