kk

മുംബയ് : മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം മഹാവികാസ് സഖ്യം ഉറച്ചുനിൽക്കുമെന്ന് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. മുന്നണിയുടെ ഭൂരിപക്ഷം നിയമസഭയിൽ തെളിയിക്കുമെന്നും ശരദ് പവാർ പറഞ്ഞു. വിമത എം.എൽ.എമാർ മുംബയിൽ തിരിച്ചെത്തിയാൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും അദ്ദേഹം ആത്‌മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം ബി.ജെ.പി നേതാവുംമുൻമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫ‌ട്‌നാവിസ് ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തും. ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്നത് വൈകില്ലെന്നാണ് കേന്ദ്രനേതൃത്വം നൽകുന്ന സൂചന. കോൺഗ്രസ്- എൻ.സി.പി സഖ്യം വിടുന്നതും ആലോചിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞെങ്കിലും കരുതലോടെ മുന്നോട്ട് പോകാൻ തന്നെയാണ് ഇപ്പോഴും ബിജെപി തീരുമാനം.

കോൺഗ്രസ് നേതാവായ മല്ലികാർജുൻ ഖാർഗെയും ഉദ്ധവ് താക്കറെയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളാണ് മഹാരാഷ്ട്രയിൽ കാണുന്നതെന്നും മഹാ വികാസ് സഖ്യത്തിനൊപ്പം കോൺഗ്രസ് ഒരുമിച്ച് നിൽക്കുമെന്നും ഖാർഗെ വ്യക്തമാക്കിയിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും നേരത്തെ ഉദ്ദവിന് പിന്തുണയുമായി എത്തിയിരുന്നു. നിരവധി വികസന പ്രവർത്തനങ്ങൾ ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാർ മഹാരാഷ്ട്രയിൽ ചെയ്തെന്നും ഇതെല്ലാം നശിപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും മമതാ ബാനർജി ആരോപിച്ചിരുന്നു.