
ട്വിറ്റർ ഉപഭോക്താക്കൾ പലരും നേരിടുന്ന പ്രശ്നമാണ് ഫേസ്ബുക്കിലെ പോലെ നീണ്ട കുറിപ്പുകൾ എഴുതാൻ സാധിക്കാറില്ലെന്നത്. കുറച്ചുനാളുകൾ വരെ 140 വാക്കുകൾ മാത്രമായിരുന്നു ഒരു ട്വീറ്റ് ചെയ്യുന്നതിന് വേണ്ടി ട്വിറ്റർ അനുവദിച്ചിരുന്നത്. അത് അടുത്തകാലത്തായി 280 വാക്കുകളായി സമൂഹമാദ്ധ്യമം ഉയർത്തിയിരുന്നു. വളരെ ചെറിയ വാക്കുകളിൽ തങ്ങളുടെ മനസിലുള്ള ആശയം മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നതാണ് ട്വിറ്റർ കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ. എന്നാൽ ഇപ്പോഴും നീണ്ട പ്രബന്ധങ്ങൾ വരെ ട്വിറ്ററിൽ എഴുതുന്നവരുണ്ട്. അതിനായി ട്വീറ്റുകളുടെ ഒരു ത്രെഡ് സൃഷ്ടിക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്.
✨ Introducing: Notes ✨
— Twitter Write (@TwitterWrite) June 22, 2022
We’re testing a way to write longer on Twitter. pic.twitter.com/SnrS4Q6toX
എന്നാൽ ഇങ്ങനെ ദീർഘമായ കുറിപ്പുകൾ എഴുതുവാൻ താത്പര്യപ്പെടുന്നവർക്ക് ഒരു പരിഹാരവുമായി ട്വിറ്റർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്റർ നോട്ട്സ് എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്. എന്നാൽ ഇത് ഒരു ട്വീറ്റ് ആയി കണക്കാക്കാൻ സാധിക്കില്ലെന്ന് മാത്രം. ഇപ്പോൾ ട്വിറ്ററിൽ ഒരു ലിങ്കോ ഫോട്ടോയോ അറ്റാച്ച് ചെയ്യുന്നത് പോലെ ഒരു ട്വീറ്റിനൊപ്പം അറ്റാച്ച് ചെയ്യാൻ സാധിക്കുന്ന ഒരു ഫീച്ചർ മാത്രമാണ് ട്വിറ്റർ നോട്ട്സ്.
ദീർഘമായ കുറിപ്പുകൾ ഇങ്ങനെ നോട്ട്സ് ആക്കി ഒരു ട്വീറ്റിനൊപ്പം പങ്കുവയ്ക്കാം എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഇതിനായി രണ്ടാമതൊരു സോഫ്ട്‌വെയറിന്റെയോ വെബ്സൈറ്റിന്റെയോ സഹായം തേടേണ്ട ആവശ്യമില്ലെന്നതാണ് ഗുണം. 'റൈറ്റ്' എന്ന് ടാബിന് കീഴിൽ ക്ളിക്ക് ചെയ്ത ശേഷം ആവശ്യമുള്ള നോട്ടുകൾ തയ്യാറാക്കിയ ശേഷം അതേ ഒരു ട്വീറ്റിനൊപ്പം എംബഡ് ചെയ്യുക എന്നതാണ് ഈ പുതിയ ഫീച്ചർ കൊണ്ട് ട്വിറ്റർ ഉദ്ദേശിക്കുന്നത്.
ഈയൊരു ഫീച്ചർ ഇതുവരെയായും ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും തിരഞ്ഞെടുക്കപ്പെട്ട ചില ട്വിറ്റർ ഉപഭോക്താക്കൾ തന്നെ ഇത് കുറച്ചുനാളുകളായി ടെസ്റ്റ് ചെയ്യുകയാണെന്ന് ട്വിറ്റർ തന്നെ ഒരു ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇതിന് മുമ്പ് തന്നെ ഏതാനും ടെക്ക് മാസികകൾ ഇത്തരമൊരു അപ്ഡേറ്റിനെകുറിച്ച് സൂചിപ്പിച്ചിരുന്നെങ്കിലും ട്വിറ്ററിൽ നിന്നും ഇപ്പോഴാണ് ഔദ്യോഗികമായി അറിയിപ്പ് ലഭിക്കുന്നത്.