
മുംബയ് : മഹാരാഷ്‌ട്രയിൽ രണ്ട് എം.എൽ.എമാർ കൂടി ഏക്‌നാഥ് ഷിൻഡെയുടെ വിമത ക്യാമ്പിൽ എത്തി. അസമിലെ ഗുവാഹത്തിയിൽ വിമത എം.എൽ.എമാർ താമസിക്കുന്ന ഹോട്ടലിലാണ് രണ്ട് എം.എൽ.എമാർ എത്തിയത്. ഇതോടെ ഷിൻഡെ പക്ഷത്തെ എം.എൽ.എമാരുടെ എണ്ണം 44 ആയി. ഇതിനെതുടർന്ന് ഉദ്ധവ് താക്കറെയുടെയും മഹാ വികാസ് സഖ്യത്തിന്റെയും നില പരുങ്ങലിലായി.
യഥാർത്ഥ ശിവസേന തങ്ങളാണെന്ന് ഷിൻഡെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 12 എം.എൽ.എമാർക്കെതിരെ പരാതിയ കൊടുത്തു.അങ്ങനെ ഭയപ്പെടുത്താൻ നോക്കണ്ടെന്നും ഷിൻഡെ ട്വിറ്ററിൽ കുറിച്ചു.
അതേസമയം ഉദ്ധവ് താക്കറെയ്‌ക്കൊപ്പം മഹാവികാസ് സഖ്യം ഉറച്ചുനിൽക്കുമെന്ന് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. മുന്നണിയുടെ ഭൂരിപക്ഷം നിയമസഭയിൽ തെളിയിക്കുമെന്നും ശരദ് പവാർ പറഞ്ഞു. വിമത എം.എൽ.എമാർ മുംബയിൽ തിരിച്ചെത്തിയാൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും അദ്ദേഹം ആത്‌മവിശ്വാസം പ്രകടിപ്പിച്ചു.
ബി.ജെ.പി നേതാവുംമുൻമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തും. ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്നത് വൈകില്ലെന്നാണ് കേന്ദ്രനേതൃത്വം നൽകുന്ന സൂചന. കോൺഗ്രസ്- എൻ.സി.പി സഖ്യം വിടുന്നതും ആലോചിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞെങ്കിലും കരുതലോടെ മുന്നോട്ട് പോകാൻ തന്നെയാണ് ഇപ്പോഴും ബി.ജെ.പി തീരുമാനം