dialysis

സുൽത്താൻ ബത്തേരി: ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് വീണ്ടും മുടങ്ങിയതോടെ രോഗികൾ ദുരിതത്തിലായി. യൂണിറ്റിലേക്കാവശ്യമായ വെള്ളം ലഭിക്കാത്തതാണ് ഡയാലിസിസ് മുടങ്ങാൻ കാരണം. നേരത്തെ യൂണിറ്റിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചതാണ് ഡയാലിസിസ് മുടങ്ങാൻ ഇടയായത്.
ഇടയ്ക്കിടെ ഡയാലിസിസ് മുടങ്ങുന്നത് രോഗികൾക്ക് വളരെയധികം പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അധികൃതരുടെ അനാസ്ഥയാണ് ഡയാലിസിസ് തടസപ്പെടാൻ കാരണമെന്ന ആരോപണവുമായി സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തിറങ്ങി.

ഡയാലിസിസ് യൂണിറ്റിലേക്ക് അവശ്യമായ വെള്ളം എത്താത്തതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡയലിസിസ് നിർത്തിവെച്ചിരിക്കുകയായിരുന്നു.
ഫുട്‌വാൽവിലെ പ്രശ്നമാണ് വെള്ളം കയറാത്തതിന് കാരണമെന്ന് കണ്ടെത്തി പ്രശ്നം പരിഹരിച്ചു. ബുധനാഴ്ച ട്രയൽ റൺ നടത്തി. നിർത്തിവെച്ചിരുന്ന ഡയാലിസിസ് ഇന്ന് പുനരാരംഭിക്കാൻ തീരുമാനിച്ചു. ഇതനുസരിച്ച് രോഗികളെത്തി ഡയാലിസിസിന് തയ്യാറെടുത്ത് ആശുപത്രി വാർഡിൽ പ്രവേശിച്ചെങ്കിലും യൂണിറ്റിലേക്ക് വെള്ളം എത്താത്തതിനെ തുടർന്ന് ഡയാലിസിസ് നടത്താനായില്ല. രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധിച്ചതോടെ രോഗികളെ ആശുപത്രിയുടെ ആംബുലൻസിൽ ബത്തേരിയിലെ മറ്റ് സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഡയാലിസിസ് നടത്തി.
അധികൃതരുടെ അനാസ്ഥയാണ് തുടർച്ചയായി ഡയാലിസിസ് മുടങ്ങാൻ കാരണമെന്നും സ്വകാര്യ ഡയാലിസിസ് കേന്ദ്രങ്ങളെ സഹായിക്കാനാണെന്ന ആരോപണവും ഉയർന്നു. മിക്കരോഗികളും ആരോഗ്യ ഇൻഷൂറൻസ് സ്‌കീമിൽ ഉൾപ്പെട്ടവരാണ്. പുറത്ത് പോയി ഡയാലിസിസ് ചെയ്താലും സ്വകാര്യ ഡയാലിസിസ് കേന്ദ്രങ്ങൾക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതിപ്രകാരമുള്ള തുക ലഭിക്കും.