kseb

പാലക്കാട്: വൈദ്യുതി നിരക്ക് നാളെ മുതൽ വർദ്ധിക്കും. പുതിയ നിരക്ക് നാളെ ഉച്ചയ്ക്ക് റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. 'വർദ്ധനയുടെ തോത് അറിയില്ല. വരവും ചെലവും കണക്കാക്കിയുള്ള വർദ്ധനയാണ് ആവശ്യപ്പെട്ടത്. നിരക്ക് തീരുമാനിക്കാനുള്ള അധികാരം വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ്. വലിയ വർദ്ധനയുണ്ടാകില്ല. പരമാവധി കുറ‌ഞ്ഞ തോതിലുള്ള നിരക്ക് വർദ്ധനയാണ് ആഗ്രഹിക്കുന്നത്.'- കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.

ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ദ്ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ളത്. യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ദ്ധന വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നിരക്ക് വര്‍ദ്ധനക്കുള്ള താരിഫ് പ്ലാനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 2,852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. യൂണിറ്റിന് 92 പൈസ നിരക്ക് വര്‍ദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. ഗാർഹിക ഉപഭോക്താക്കൾക്ക് ശരാശരി 18.14 ശതമാനം നിരക്ക് കൂട്ടണം. ചെറുകിട വ്യവസായിക ഉപഭോക്താക്കൾക്ക് 11.88 ശതമാനവും വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 11.47 ശതമാനം വര്‍ദ്ധനയും വേണമെന്നാണ് കെഎസ്ഇബിയുടെ ശുപാർശ. ചെറുകിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് നിലവില്‍ യൂണിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയാക്കണം. വന്‍കിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 5.67 രൂപയെന്നത് 6.86 രൂപയാക്കി ഉയര്‍ത്തണം. കൊച്ചി മെട്രോയ്ക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയര്‍ത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ജൂലായ് 19ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

അതേസമയം, 2,117 കോടി രൂപയാണ് വൈദ്യുതി ചാര്‍ജ് കുടിശിക ഇനത്തില്‍ കെഎസ്ഇബിക്ക് പിരിഞ്ഞുകിട്ടാനുള്ളത്. ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ചുള്ളതാണ് ഈ തുക. ഇതില്‍ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 1,020.74 കോടിയാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശിക 1,023.76 കോടിയും. വന്‍കിട ഉപഭോക്താക്കളുടെ കുടിശിക പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.