...................................

അടിയന്തരാവസ്ഥ

പ്രഖ്യാപനത്തിന്

ഇന്ന് 47 വയസ്

..................................

അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളിൽ ഇന്ത്യയൊട്ടാകെ പ്രതിപക്ഷനേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ തടവിലാക്കപ്പെട്ടപ്പോൾ കേരളത്തിലും ഒട്ടേറെ അറസ്റ്റുകൾ നടന്നു. മുൻ മന്ത്രിമാരായ എം.എ.ബേബി, എം.വിജയകുമാർ, ജി.സുധാകരൻ, ആർ.ശങ്കറെ അട്ടിമറിച്ച് പാർലമെന്റംഗവും പിന്നീട് മൂന്നുതവണ നിയമസഭാംഗവുമായ കെ. അനിരുദ്ധൻ, ദീർഘകാലം നഗരസഭാ കൗൺസിലറായിരുന്ന കുന്നുകുഴി മനോഹരൻ, അഡ്വ: ആറ്റിങ്ങൽ സുഗുണൻ ഇങ്ങനെ ഒട്ടേറെപ്പേർ തലസ്ഥാനത്ത് തടവുകാരായി.


അടിയന്തരാവസ്ഥ പ്രഖ്യാപനദിനത്തിൽ ജയിലിലായ പത്തുപേരിൽ നാലുപേർ ഇപ്പോഴും പേട്ടയിൽ ജീവിച്ചിരിപ്പുണ്ട്. സി.പി.എം പേട്ട ലോക്കൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായിരുന്ന എം.എസ്. മാനുവൽ,​ പേട്ട ബ്രാഞ്ച് സെക്രട്ടറി ആർ. ശരത്ചന്ദ്ര ബാബു,​ ശുദ്ധോദനൻ, പാർട്ടിയുടെ സ്ഥിരം ചുവരെഴുത്തുകാരൻ നളിനാക്ഷൻ! ഇവർക്കൊപ്പം അറസ്റ്റിലായ മിനർവ ശിവാനന്ദൻ പിന്നീട് അന്തരിച്ചു. അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരുവനന്തപുരത്തെ അപ്രഖ്യാപിത പ്രവർത്തനകേന്ദ്രമായിരുന്ന പേട്ട മിനർവ പ്രസിന്റെ ഉടമയായിരുന്നു ശിവാനന്ദൻ.

തലസ്ഥാനജില്ലയുടെ രാഷ്ട്രീയ ഈറ്റില്ലമായിരുന്ന പേട്ടയിലെ വീറുറ്റ പ്രവർത്തകരായിരുന്നു ഇവരെല്ലാം. അന്ന് തിരുവനന്തപുരത്ത് പ്രമുഖ അഭിഭാഷകനായിരുന്ന (പിന്നീട് നിയമസഭാ സ്പീക്കറും എം.പിയും ഒക്കെയായ)​ വർക്കല രാധാകൃഷ്ണന്റെ ശ്രമഫലമായി തിരുവനന്തപുരത്തെ പ്രവർത്തകർക്ക് ആറാഴ്ചയ്ക്കു ശേഷം ഉപാധികളോടെ ജാമ്യം ലഭിച്ചു. ആഴ്ചയിലൊരിക്കൽ പോലീസ് സ്‌റ്റേഷനിലും രണ്ടാഴ്ച കൂടുമ്പോൾ കോടതിയിലും ഹാജരാകണമെന്നായിരുന്നു വ്യവസ്ഥ.


അടിയന്തരാവസ്ഥയ്ക്കെതിരെ കണ്ണൂരിൽ നടന്ന പ്രതിഷേധമാർച്ചിന് നേതൃത്വം നൽകിയത് എ.കെ.ജി ആയിരുന്നു. പൊലീസുമായുള്ള മൽപ്പിടിത്തത്തിനിടെ പക്ഷാഘാതം വരികയും,​ വിദഗ്ദ്ധചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്ത എ.കെ.ജി യെ ശ്രുശ്രൂഷിക്കാൻ പാർട്ടിയുടെ സ്വയം പ്രഖ്യാപിത വളണ്ടിയർമാരായത് ശരത്ചന്ദ്രബാബുവും ശുദ്ധോദനനുമാണ്. എ.കെ.ജി.യെ ജീവിതാന്ത്യം വരെ പരിചരിച്ച് ഇരുവരും ഒപ്പമുണ്ടായിരുന്നു. റെയിൽവേയിൽ ജോലിയുണ്ടായിരുന്ന ശരത്ചന്ദ്രബാബു ഇന്നും അറിയപ്പെടുന്നത് റെയിൽവേ ബാബു എന്നുതന്നെ.


അടിയന്തരാവസ്ഥയ്ക്കു ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി പരാജയപ്പെടുകയും മൊറാർജി ദേശായിയുടെ ജനതാ സർക്കാർ അധികാരമേല്കുകയും ചെയ്തപ്പോൾ

റെയിൽവേ മന്ത്രി മധു ദന്തവതെയുടെ ഉത്തരവിനെ തുടർന്നാണ് ബാബുവിന് ജോലി തിരിച്ചുകിട്ടിയത്. റെയിൽവേ അനുബന്ധ തൊഴിലാളിരംഗത്ത് ഇന്നും സജീവസാന്നിദ്ധ്യമാണ് ബാബു.

(മിനർവ ശിവാനന്ദന്റെ പുത്രനും ശിവാനന്ദൻ സ്മാരക സമിതി സെക്രട്ടറിയുമാണ് ലേഖകൻ. ഫോൺ: 90375 45565)