vodafone

കൊച്ചി: സ്വകാര്യ ടെലികോം കമ്പനിയായ വൊഡാഫോൺ-ഐഡിയയിൽ (വീ) കേന്ദ്രസർക്കാരിന് 33 ശതമാനം ഓഹരി പങ്കാളിത്തം. വീയുടെ സാമ്പത്തികസ്ഥിതി (ബാലൻസ്ഷീറ്റ്) മെച്ചപ്പെടുന്ന മുറയ്ക്കേ ഓഹരികൾ വിറ്റൊഴിയൂ.

എ.ജി.ആർ ഫീസിനത്തിൽ കേന്ദ്രത്തിന് വീ വീട്ടാനുള്ള 16,000 കോടി രൂപയുടെ ബാദ്ധ്യതയാണ് ഓഹരികളാക്കി മാറ്റുന്നത്. ഇതിന് സെബിയുടെ അനുമതി ഉടൻ ലഭിച്ചേക്കും. പ്രമോട്ടർ വിഭാഗത്തിന് പകരം പൊതു ഓഹരിനിക്ഷേപകരുടെ വിഭാഗത്തിലാണ് കേന്ദ്രം ഓഹരി നേടുക. കമ്പനിയുടെ ഡയറക്‌ടർ ബോർഡിൽ കേന്ദ്രത്തിന് ഇടമുണ്ടാവില്ല; പ്രവർത്തനങ്ങളിലും ഇടപെടാനാവില്ല.

2018-19ലെ കണക്കുപ്രകാരം ടെലികോം കമ്പനികൾ അഡ്ജസ്‌റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആർ) ഇനത്തിൽ കേന്ദ്രത്തിന് 1.65 ലക്ഷം കോടി രൂപ നൽകാനുണ്ട്. 59,236.63 കോടി രൂപയാണ് വീയുടെ ബാദ്ധ്യത. ഭാരതി എയർടെല്ലിന്റേത് 31,280 കോടി രൂപ. ജിയോ 631 കോടി രൂപയും ബി.എസ്.എൻ.എൽ 16,224 കോടി രൂപയും എം.ടി.എൻ.എൽ 5,009.1 കോടി രൂപയും വീട്ടണം.