kk

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ എസ്.എഫ്.ഐ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പ്രതിഷേധം അതിക്രമത്തിലേക്ക് മാറുന്നത് തെറ്റായ പ്രവണതയെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.എഫ്.ഐ ആഖ്രമണത്തെ സി.പി.എം സെക്രട്ടേറിയേറ്റും അപലപിച്ചു. പാർട്ടിയുടെ അറിവോടെയല്ല മാർച്ചെന്ന് ജില്ലാ നേതൃത്വവും വ്യക്തമാക്കി.

ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി എം പി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് കൽപ്പറ്റയിൽ എസ് എഫ് ഐ മാർച്ച് നടത്തിയത്. . രാഹുൽ ഗാന്ധിയുടെ ഓഫീസിലേയ്ക്ക് പ്രവർത്തകർ തള്ളിക്കയറി സാധനങ്ങൾ അടിച്ചുത‌കർത്തു. പിന്നാലെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. വനിതാ അംഗങ്ങൾ ഉൾപ്പടെ അൻപതോളം എസ്.എഫ്. ഐ പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തിരുന്നു.

തുടക്കത്തിൽ പൊലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചെങ്കിലും ഇവർ പുറകുവശത്തിലൂടെ ഓഫീസിന്റെ രണ്ടാം നിലയിലേയ്ക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. പ്രവർത്തകർ ഓഫീസിന്റെ ഷട്ടറുകൾ കേടുപാടുകൾ വരുത്തുകയും, ജനൽച്ചില്ലുകൾ തകർക്കുകയും സ്റ്റാഫിനെ മർദിച്ചെന്നും കോൺഗ്രസ് ആരോപിച്ചു.പിന്നാലെ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഓഫീസിന് മുന്നിൽ തമ്പടിച്ചു.

പിന്നാലെ ആക്രമണത്തിന് പിന്നിൽ ഒത്താശയാണെന്ന് കോൺഗ്രസ് ആരോപിച്ചു. മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിക്കുകയാണ്. എസ് എഫ് ഐ പ്രവർത്തകരെ പറഞ്ഞയച്ചത് സി.പി.എം ആണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.അതേസമയം, സംഭവത്തിൽ പരാതി നൽകാൻ മുഖ്യമന്ത്രിയ്ക്കാണ് അവകാശമെന്നും അതിനാൽ തന്നെ രാഹുൽ ഗാന്ധി മുഖ്യമന്ത്രിയിക്ക് കത്തയച്ചുവെന്നും കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു. സംഭവത്തിൽ യച്ചൂരി നിലപാട് വ്യക്തമാക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.