
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ എസ്.എഫ്.ഐ ആക്രമണത്തിൽ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ ഗുണ്ടകൾ അടിച്ചുതകർത്തതെന്ന് വി.ഡി. സതശീൻ പറഞ്ഞു.. സ്വർണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. പൊലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിക്ക് എതിരെ ഉയർന്ന നാണംകെട്ട ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിൽ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരം ബഫർ സോൺ ആക്കണമെന്ന് 2019 ഒക്ടോബർ 23ന് സംസ്ഥാന മന്ത്രിസഭയുടെ ശുപാർശയുണ്ട്. ബഫർ സോണിന്റെ പേരിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത എസ്.എഫ്.ഐക്കാർ സമരം നടത്തേണ്ടത് പിണറായി വിജയന്റെ ഓഫീസിലേക്കാണ്. ബഫർ സോൺ വിഷയത്തിൽ കുറ്റവാളികളായി നിൽക്കുന്ന മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയുമാണ്. രാഹുൽ ഗാന്ധിയെ ശക്തമായി എതിർക്കുന്നുവെന്ന് സംഘപരിവാറിനെ ബോദ്ധ്യപ്പെടുത്താനാണ് ഈ ആക്രമണത്തിലൂടെ സി.പി.എം ലക്ഷ്യമിട്ടതെന്നും സതീശൻ പറഞ്ഞു.
സംഘപരിവാറിന്റെ രാഷ്ട്രീയവും സി.പി.എം രാഷ്ട്രീയവും തമ്മിലുള്ള അകലം കുറഞ്ഞ് വരികയാണ്. സർക്കാരിന്റെ ഒത്താശയോടെ സി.പി.എമ്മും ക്രിമിനൽ സംഘങ്ങളും കോൺഗ്രസ് നേതാക്കൾക്കും പാർട്ടി ഓഫീസുകൾക്കുമെതിരെ നടത്തുന്ന അക്രമത്തെയും ഗുണ്ടായിസത്തെയും പ്രതിരോധിക്കുമെന്നും സതീശൻ വ്യക്തമാക്കി.