accidental-death
കാളി

കോങ്ങാട്: മുണ്ടൂരിൽ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനട യാത്രികയായ വൃദ്ധ മരിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ നൊച്ചിപ്പുള്ളി സ്വദേശിനി കാളിയാണ് (85) ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മുണ്ടൂർ സീനായ് ഭാഗത്ത് ഇന്നലെ രാവിലെ 8ഓടെ ആയിരുന്നു സംഭവം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വൃദ്ധയെ ടോറസ് ലോറി പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇവരുടെ ഇരുകാലുകളിലൂടെയും ലോറിയുടെ പിൻഭാഗത്തെ ടയർ കയറി ഇറങ്ങി. നിറുത്തിയിട്ടിരുന്ന ലോറി സ്റ്റാർട്ടാക്കി എടുക്കുമ്പോഴായിരുന്നു അപകടം. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ വൃദ്ധയെ കണ്ടില്ലെന്നാണ് ഡ്രൈവർ പറയുന്നത്. സംഭവത്തിൽ ലോറി ഡ്രൈവർ വണ്ടിത്താവളം സ്വദേശി തജ്മൽഖാന് (41) എതിരെ കോങ്ങാട് പൊലീസ് കേസെടുത്തു. ലോറിയും കസ്റ്റഡിയിലെടുത്തു. മറ്റു നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭർത്താവ്: പരേതനാായ മായൻ. മക്കൾ: രാജൻ, സത്യഭാമ, നാരയണൻ.