
ന്യൂഡൽഹി : മുഖ്യമന്ത്രിക്ക് പിന്നാലെ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് അടിച്ചു തകർത്ത എസ്.എഫ്.ഐയുടെ നടപടിയെ തള്ളിപ്പറഞ്ഞ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരു രാഷ്ട്രീയ പാർട്ടി സംഘടന ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും കുറ്റക്കാർക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും യെച്ചൂരി പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ എസ്.എഫ്.ഐയുടെ നടപടിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടി പാർട്ടികൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നും യെച്ചൂരി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐ നടപടിയെ സി.പി.എം സംസ്ഥാന കമ്മിറ്റിയും തള്ളിപ്പറഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലായിരുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പ്രതികരിച്ചു. പ്രതിഷേധങ്ങൾ അക്രമങ്ങളിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.