job

ഡൽഹി: ജൂലായ് ഒന്ന് മുതൽ പുതിയ തൊഴിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കാനുള്ള പദ്ധതിയിലാണ് കേന്ദ്ര സ‌ർക്കാർ. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ തൊഴിലാളികൾക്ക് നിലവിൽ ലഭിക്കുന്ന ശമ്പളത്തിലും പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള വിഹിതം, ജോലി സമയം എന്നിവയിൽ കാര്യമായ മാറ്റങ്ങൾ വന്നേക്കാം. പുതിയ നിയമമനുസരിച്ച് സ്വകാര്യ കമ്പനികൾക്ക് ജോലി സമയം 12 മണിക്കൂറായി ഉയർത്താൻ സാധിക്കും. നിലവിൽ എട്ട് മുതൽ ഒമ്പത് മണിക്കൂറാണ് ജോലി സമയം. ജോലി സമയം ഇത്തരത്തിൽ ഉയർത്തിയാൽ നിലവിൽ നൽകുന്ന രണ്ട് അവധി ദിവസങ്ങൾക്ക് പകരം മൂന്ന് അവധി ദിവസങ്ങൾ കമ്പനികൾ നൽകേണ്ടി വരും. അതിനാൽ തന്നെ തൊഴിലാളികളുടെ ജോലി ഭാരം കൂടില്ലെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. മൂന്ന് അവധി ദിനങ്ങൾ നൽകുന്നത് കൊണ്ട് തന്നോ ജോലി സമയം 12 മണിക്കൂറായി ഉയർത്തിയാലും ആഴ്ചയിലെ മൊത്തം ജോലി സമയം 48 മണിക്കൂർ തന്നെയായിരിക്കും. പുതിയ നിയമങ്ങൾ നടപ്പിലാകുന്നതോടെ അടിസ്ഥാന ശമ്പളത്തിലും മാറ്റങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പുതിയ നിയമം അനുസരിച്ച് ജീവനക്കാർക്ക് കൈയിൽ ലഭിക്കുന്ന ശമ്പളം മൊത്തം ശമ്പളത്തിന്റെ 50 ശതമാനം ആയിരിക്കണം. ജീവനക്കാരുടെ പി.എഫ് വിഹിതത്തിലും വർദ്ധന വരുന്നതിനാൽ കൈയിൽ ലഭിക്കുന്ന തുകയെയും കാര്യമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്. റിട്ടയർമെന്റ് കോർപ്പസും ഗ്രാറ്റുവിറ്റി തുകയും വർദ്ധിക്കുന്നത് സ്വകാര്യ മേഖലയിലെ ജീവനക്കാരെയാകും കൂടുതൽ ബാധിക്കുക.