രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ശരദ് പവാര്‍, ഗോപാലകൃഷ്ണ ഗാന്ധി എന്നിവര്‍ വിസമ്മതം മൂളിയതോടെ പ്രതിപക്ഷത്തിന്റെ കണ്ണ് യശ്വന്ത് സിംഹ എന്ന പഴയ സംഘപരിവാര്‍ പടത്തലവനിലേക്ക് എത്തുകയായിരുന്നു. മോദി വിരുദ്ധനെന്ന ഒരൊറ്റ ലേബല്‍ മാത്രമാവും ഇദ്ദേഹത്തെ പൊതുസ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രതിപക്ഷത്തിനെ പ്രേരിപ്പിച്ചത്.

droupadi-murmu

എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഈ തീരുമാനത്തിന്റെ തിളക്കം ഏതാനും മണിക്കൂര്‍ മാത്രമേ നീണ്ടുനിന്നുള്ളു. നേരത്തെ തീരുമാനിച്ചുറപ്പിച്ച സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ ബിജെപി നേതൃത്വം പുറത്തുവിട്ടതോടെ ചര്‍ച്ചകള്‍ മറ്റൊരു വഴിക്ക് നീങ്ങുകയായിരുന്നു. ദ്രൗപതി മുര്‍മു, ഒരു പക്ഷേ നിരവധിപേര്‍ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയില്‍ എഴുതി വച്ചിരുന്ന പേരായിരുന്നു. എന്നാല്‍ ഈ പേര് മാത്രം നേരത്തെ പ്രവചിക്കാന്‍ ധൈര്യപ്പെട്ടവര്‍ കുറവായിരുന്നു.