
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ എകെജി ഭവനിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്. സംഭവത്തിൽ എസ്‌എഫ്‌ഐ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം. മലയാളി വിദ്യാർത്ഥികളടക്കം പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസും ത്രിപുരയിൽ നിന്നുളള സ്‌പെഷ്യൽ പൊലീസും ദ്രുതകർമ്മ സേനയും എകെജി ഭവന് സുരക്ഷയ്‌ക്കായി സ്ഥലത്ത് വിന്യസിക്കപ്പെട്ടിരുന്നു. വലിയ ബാരിക്കേഡ് തീർത്ത് രണ്ട് ഘട്ടമായി വലിയ സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പ്രതിഷേധിച്ചെത്തിയ യൂത്ത് കോൺഗ്രസ് അംഗങ്ങൾ പൊലീസുമായി ഉന്തും തളളുമുണ്ടാകുകയും ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയും ചെയ്‌തു.
എസ്എഫ്ഐ രാഹുൽ ഗാന്ധിയെ ഭയപ്പെടുന്നതായും മാഫിയ സേന പ്രവർത്തകരാണ് എസ്‌എഫ്‌ഐയെന്നും ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. നൂറിലധികം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ എസ്എഫ്ഐ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ബിജെപിയെ തൃപ്‌തിപ്പെടുത്തുന്ന നടപടിയാണ് കേരളത്തിൽ എസ്‌എഫ്ഐയിൽ നിന്നുണ്ടായതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.