
1857 മുതൽ അയോദ്ധ്യാ രാജ്യത്തിന്റെ റീജന്റ് ഭരണാധികാരി. അയോദ്ധ്യയുടെ ബീഗം എന്ന് ചരിത്രം രേഖപ്പെടുത്തിയ ഹസ്രത് മഹൽ, 1857 ൽ ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എതിരെയുള്ള ഇന്ത്യൻ വിപ്ളവത്തിൽ സുപ്രധാന പങ്കുവഹിച്ചു. അയോദ്ധ്യയിലെ നവാബ് ആയിരുന്ന വാജിദ് അലി ഷായുടെ രണ്ടാംഭാര്യ. അവധ് എന്നായിരുന്നു അന്ന് അയോദ്ധ്യയുടെ പേര്. അയോദ്ധ്യ ബ്രിട്ടീഷുകാർ ഏറ്റെടുത്തപ്പോൾ കരാർ അനുസരിച്ച് വാജി അലി ഷാ സ്വന്തം സാമ്രാജ്യം വിട്ട് കൽക്കട്ടയിലേക്കു മാറി. രാജകുമാരനായ ബ്രിജിസ് ഖദർ പിന്തുടർച്ചക്കാരനാണെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ മകനു വേണ്ടി ബീഗം ഹസ്രത് മഹൽ റീജന്റായി ഭരണം ഏറ്റെടുത്തു.
ഹസ്രത് മഹലിന്റെ പോരാളികൾ രാജാ ജലാൽ സിംഗിന്റെ നേതൃത്വത്തിൽ ഇംഗ്ളീഷ് പട്ടാളത്തോടു യുദ്ധംചെയ്ത് ലക്‌നോയുടെ നിയന്ത്രണം പിടിച്ചു. പക്ഷേ, വൈകാതെ ബ്രിട്ടീഷ് സേന ലക്‌നോയും അയോദ്ധ്യയുടെ ഭൂരിഭാഗവും കീഴടക്കിയതോടെ ഹസ്രത് മഹലിന് തോൽവി സമ്മതിക്കേണ്ടിവന്നു. തുടർന്ന് നേപ്പാളിലേക്ക് പലായനം. 1879- ൽ മരണം. കാഠ്മണ്‌ഡുവിലെ ഖണ്‌ഡാഘർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അന്ത്യവിശ്രമം; തിരിച്ചറിയപ്പെടാൻ ശവകുടീരത്തിൽ പേരുപോലുമില്ലാതെ.
മുഹമ്മദി ഖാനൂം എന്നായിരുന്നു ഹസ്രത് മഹലിന്റെ യഥാർത്ഥ പേര്. മാതാപിതാക്കൾ മകളെ വില്പനച്ചരക്കാക്കിയപ്പോൾ ഹസ്രത് മഹൽ കൊട്ടാരം നർത്തകിയായി. പിന്നീട് വാജിദ് അലി ഷായുടെ ദ്വിതീയ ഭാര്യ. മകൻ ബ്രിജിസ് ഖാദറിന്റെ ജനന ശേഷമാണ് ഹസ്രത് മഹൽ എന്നു വിളിക്കപ്പെട്ടത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് ഇന്ത്യാ സർക്കാർ നല്കുന്ന ദേശീയ സ്കോളർഷിപ്പ് ബീഗം ഹസ്രത് മഹലിന്റെ പേരിലാണ്.