kseb

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതായി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അറിയിച്ചു. 6.6 ശതമാനമാണ് വൈദ്യുതിചാർജിൽ വർദ്ധന വരിക. പ്രതിമാസം അൻപത് യൂണിറ്റ് വരെയുള‌ള ഗാർഹിക ഉപഭോക്താക്കൾക്ക് ചാർജ് വർദ്ധനയില്ല. 25 ലക്ഷം ഉപഭോക്താക്കളാണ് സംസ്ഥാനത്ത് ഇത്തരത്തിലുള‌ളതെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പറഞ്ഞു. 51 യൂണിറ്റ് മുതൽ 150 യൂണിറ്റ് വരെ 25 പൈസയുടെ വർദ്ധനയാണ് വരുത്തിയത്. 100 യൂണിറ്റ് വരെ പ്രതിമാസം 22.50 രൂപയുടെ വർദ്ധനയാണ് പ്രഖ്യാപിച്ചിട്ടുള‌ളത്. 150 യൂണിറ്റ് വരെ 47.50 വർദ്ധിക്കും. 100 വാട്ട് വരെ കണക്‌ടഡ് ലോഡും 40 യൂണിറ്റ് വരെ ഉപഭോഗവുമുള‌ള ബിപിഎൽ പരിധിയിലുള‌ളവർക്ക് വർദ്ധനയില്ല. സിനിമ തീയേറ്ററുകൾക്ക് യൂണിറ്റിന് 30 പൈസ കൂടും.ഇന്ന് അർദ്ധരാത്രി മുതൽ പുതിയ ചാർജ് നിലവിൽ വരും.

പെട്ടിക്കടകൾ, തട്ടുകട, ബങ്കുകൾ എന്നിവയ്‌ക്ക് 1000 വാട്ടിൽ നിന്ന് കണക്‌ടഡ് ലോഡ് 2000 വാട്ട് ആക്കി ഉയർത്തി. വൃദ്ധസദനങ്ങൾ, അങ്കൺവാടികൾ, അനാഥാലയങ്ങൾ എന്നിവിടങ്ങിൽ നിരക്ക് വർദ്ധനയില്ല. എൻഡോസൾഫാൻ ദുരിതബാധിതർക്കും നിലവിലെ ഇളവ് തുടരും. മാരക രോഗമുള‌ളവരുടെ വീടുകളിലും ഇളവുണ്ടാകും. ഫിക്‌സഡ് ചാർജ് 30 രൂപ വർദ്ധിച്ച് 110 രൂപയായി. പ്രതിമാസം 40 വാട്ട് ഉപയോഗിക്കുന്ന 1000 വാട്ട് കണക്‌ടഡ് ലോഡുള‌ളവർക്ക് വർദ്ധനയുണ്ടാകില്ല. 150 യൂണിറ്റ് മുതൽ 200 യൂണിറ്റ് വരെ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് ഫിക്‌സഡ് ചാർജ് 100ൽ നിന്ന് 160 ആയി. 200-250 യൂണിറ്റ് സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് 80 രൂപ എന്നതിൽ നിന്ന് 100 രൂപയായും ചാർജ് കൂട്ടി. കാർഷിക മേഖലയിൽ ഫിക്‌സഡ് ചാർജ് 10ൽ നിന്നും 15 രൂപയായി ഉയർത്തി എന്നാൽ ചാർജ് വർദ്ധനയില്ല. മില്ലുകൾ, തയ്യൽ ജോലി, തുണി തേയ്‌ക്കുന്നവർ എന്നിങ്ങനെ ചെറുകിട സംരംഭകർക്കും ആനുകൂല്യം തുടരും. ഇവർക്ക് ശരാശരി 15 പൈസ വർദ്ധന യൂണിറ്റിന് ഉണ്ടാകും. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ശുപാർശ നല്ലതാണെന്ന് മന്ത്രി കെ.കൃഷ്‌ണൻകുട്ടി അഭിപ്രായപ്പെട്ടു.