sinha

ന്യൂഡൽഹി: പ്രതിപക്ഷ നിരയിലെയടക്കം വിവിധ പാർട്ടികളുടെ പിന്തുണയോടെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമു രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ രംഗത്തിറങ്ങിയത് ആത്മവിശ്വാസത്തോടെയാണ്. എന്നാൽ മത്സര രംഗത്ത് ഒട്ടും പിന്നിലല്ല പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹ. പ്രചാരണത്തിന്റെ ഭാഗമായി പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെയും യശ്വന്ത് സിൻഹ വിളിച്ചു.

മുതിർന്ന ബിജെപി നേതാവും തന്റെ പഴയ സഹപ്രവർത്തകനുമായ എൽ.കെ അദ്വാനിയെയും സിൻഹ കണ്ടു. ഇതിനൊപ്പം ജാർഖണ്ഡ് മുക്തി മോർച്ച നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ പിന്തുണയും സിൻഹ തേടി. ജെഎംഎം, മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ജനതാദൾ (സെക്യുലർ) എന്നിവ ദ്രൗപതി മുർമുവിനെ പിന്തുണയ്‌ക്കുമെന്നാണ് അറിയിച്ചിരുന്നത്. പ്രചാരണം ശക്തമായി ആരംഭിച്ചതായും എല്ലാവരുടെയും പിന്തുണ തേടുമെന്നും എൻസിപി നേതാക്കൾ അറിയിച്ചു.

തിങ്കളാഴ്‌ച നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം കഴിയുന്ന സംസ്ഥാന തലസ്ഥാനങ്ങൾ സന്ദർശിച്ച് വിവിധ പാർട്ടികളിലെ നേതാക്കളുടെ പിന്തുണ ഉറപ്പാക്കുമെന്നും യശ്വന്ത് സിൻഹ അറിയിച്ചു. വിജയിച്ചാൽ ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ മുറുകെപ്പിടിക്കുമെന്നും അദ്ദേഹം മറ്റ് പാർട്ടികൾക്ക് ഉറപ്പ് നൽകി.