ncap

 ബി.എൻ.സി.എ.പി റേറ്റിംഗ് സംവിധാനവുമായി കേന്ദ്രം

 2023 ഏപ്രിലിൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: പാസ‌ഞ്ചർ വാഹനങ്ങളിലെ (കാർ, എസ്.യു.വി., വാൻ) സുരക്ഷാസൗകര്യങ്ങൾ വിലയിരുത്തി റേറ്റിംഗ് നിശ്ചയിക്കാനായി ഇന്ത്യയുടെ സ്വന്തം സംവിധാനം ഒരുക്കാൻ കേന്ദ്രസർക്കാർ നീക്കം. 'ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (ബി.എൻ.സി.എ.പി) എന്ന സേഫ്‌റ്റി റേറ്റിംഗ് സിസ്‌റ്റം നടപ്പാക്കാനുള്ള ശുപാർശ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് കൊണ്ടുവന്നത്.

പുതിയ വാഹനങ്ങളിൽ നൂതന സുരക്ഷാസൗകര്യങ്ങൾ ഉറപ്പാക്കുകയും കയറ്റുമതി നിലവാരം മെച്ചപ്പെടുത്തുകയും ഇതിന്റെ ലക്ഷ്യമാണ്. വാഹനങ്ങളിൽ മുതിർന്നവർക്കും കുട്ടികൾക്കുമുള്ള സുരക്ഷാസംവിധാനങ്ങളും സാങ്കേതികവിദ്യകളും വിലയിരുത്തി ഒന്നുമുതൽ അഞ്ചുവരെ സ്‌റ്റാർ റേറ്റിംഗാണ് നൽകുക.

യാത്ര സുരക്ഷിതമാകും

സുരക്ഷാസൗകര്യങ്ങൾ മെച്ചപ്പെടുന്നത് യാത്രക്കാർക്കും വാഹനനിർമ്മാതാക്കൾക്കും ഒരുപോലെ നേട്ടമാകുമെന്ന് ഗതാഗത മന്ത്രാലയം വിലയിരുത്തുന്നു. സുരക്ഷാനിലവാരം മെച്ചപ്പെടുന്നത് വാഹനവില്പനയും കയറ്റുമതിയും കൂടാൻ സഹായിക്കും. ഉപഭോക്തൃസംതൃപ്തിയും ഉയരും.

 എല്ലാ പാസഞ്ചർ വാഹനങ്ങളിലും മിനിമം ആറ് എയർബാഗുകൾ വേണമെന്ന നിർദേശം കേന്ദ്രം നേരത്തേ മുന്നോട്ടുവച്ചിരുന്നു.

എൻ.സി.എ.പി

നിലവിൽ യൂറോപ്പ് കേന്ദ്രീകൃത ഗ്ളോബൽ എൻ.സി.എ.പി റേറ്റിംഗാണ് ഇന്ത്യൻ കമ്പനികളും പ്രയോജനപ്പെടുത്തുന്നത്. സമാന അടിസ്ഥാനസൗകര്യങ്ങൾ ഇന്ത്യയിലും ഒരുക്കുകയാണ് ബി.എൻ.സി.എ.പിയിലൂടെ കേന്ദ്രലക്ഷ്യം.

5

കാർ വില്പനയിൽ ലോകത്ത് അഞ്ചാംസ്ഥാനമാണ് ഇന്ത്യയ്ക്ക്. പ്രതിവർഷ ശരാശരി വില്പന 30 ലക്ഷം കാറുകളാണ്.