
ന്യൂഡൽഹി: പൗരന്മാരുടെ അന്താരാഷ്‌ട്ര യാത്രകൾ എളുപ്പമാക്കാനും അവരുടെ വ്യക്തിവിവരങ്ങൾ സംരക്ഷിക്കാനും ഇ-പാസ്‌പോർട്ട് സംവിധാനം ആരംഭിക്കാൻ ശ്രമമാരംഭിച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഈ വർഷം അവസാനത്തോടെ ഇ-പാസ്‌പോർട്ട് പുറത്തിറക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്.
കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ പാസ്‌പോർട്ട് സേവാ ദിവസ് ആയ ജൂൺ 24ന് അറിയിച്ചതനുസരിച്ച് പൗരന്മാരുടെ വ്യക്തിവിവരങ്ങൾ അപഹരിക്കുന്നത് തടയാൻ ഇ-പാസ്‌പോർട്ടിന് കഴിയും. ഒരു ചിപ്പ് അധിഷ്‌ടിതമായ പാസ്‌പോർട്ടാണിത്. നിലവിൽ ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ളാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളും സിംബാബ്‌വെ, മലാവായ്, എന്നിങ്ങനെ നൂറോളം രാജ്യങ്ങളിൽ ഇ-പാസ്‌പോർട്ട് നിലവിലുണ്ട്.
ഡ്രൈവിംഗ് ലൈസൻസ് പോലെ ചെറിയൊരു ചിപ്പ് ഉളളിലുളളതാകും ഇ-പാസ്‌പോർട്ട്. സാധാരണ പാസ്‌പോർട്ടിൽ ചെയ്യുന്നതെല്ലാം ഇതിലും സാധിക്കും. ചിപ്പിൽ പാസ്‌പോർട്ട് ഉടമയുടെ എല്ലാ വിവരങ്ങളും സൂക്ഷിക്കും. റേഡിയോ ഫ്രീക്ക്വൻസി ഐഡന്റിഫിക്കേഷൻ ഉപയോഗിക്കുന്ന പിന്നിൽ ഒരു ആന്റിനയുളളതാണ് ഇവ. ഇത് അതിവേഗം പരിശോധനകൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരെ സഹായിക്കും. വ്യാജ പാസ്‌പോർട്ടുകളുടെ പ്രചാരം തടയാനും വ്യക്തികളുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാനുമാണ് ഇ-പാസ്‌പോർട്ട് വഴി സർക്കാർ ഉദ്ദേശിക്കുന്നത്.
ടെക് ഭീമൻ ടാറ്റ കൺസൾട്ടൺസി സർവീസസ് (ടിസിഎസ്) ആണ് ഇ-പാസ്‌പോർട്ട് പുറത്തിറക്കുന്നതിന് ചുമതലപ്പെട്ട സ്ഥാപനം. നിലവിൽ പാസ്‌പോർട്ടുകളെല്ലാം ഇ-പാസ്‌പോർട്ട് ആക്കണമെന്നോ കാലാവധി പൂർത്തിയാകുമ്പോൾ പാസ്‌പോർട്ട് ഇ-പാസ്‌പോർട്ട് ആക്കണമെന്നോ സർക്കാർ ഇതുവരെ അറിയിച്ചിട്ടില്ല. എന്നാൽ ഇ-പാസ്‌പോർട്ട് സംവിധാനം നടപ്പിലായാൽ പുതുതായി പാസ്‌പോർട്ട് എടുക്കുന്നവർക്കെല്ലാം ഇ-പാസ്‌പോർട്ടാകും നൽകുക. സാധാരണ പാസ്‌പോർട്ടിനുളളിൽ ഒരു ചിപ്പ് ഘടിപ്പിച്ചതാകം ഇ-പാസ്‌പോർട്ട് എന്നാണ് പുതിയ പാസ്‌പോർട്ടിന്റെ രൂപം സംബന്ധിച്ച് ലഭിക്കുന്ന വിവരം.