
രഞ്ജി ട്രോഫി ഫൈനലിൽ മുംബയ്ക്കെതിരെ മദ്ധ്യപ്രദേശിന് ഒന്നാം ഇന്നിംഗ്സ് ലീഡ്
ബെഗളൂരു: രഞ്ജി ട്രോഫി ഫൈനലിൽ മുംബയ്ക്കെതിരെ മദ്ധ്യപ്രദേശിന് നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്നലെ ഒന്നാം ഇന്നിംഗ്സ് ലീഡിന് 7 റൺസ് മാത്രം അകലെ ബാറ്റിംഗ് പുനരാരംഭിച്ച മദ്ധ്യ പ്രദേശ് സെഞ്ച്വറി നേടിയ രജത് പട്ടീദാറിന്റെ ചിറകിലേറി മികച്ച സ്കോറിലേറിക്ക് കുതിക്കുകയായിരുന്നു ( 536/10). മഴ തടസപ്പെടുത്തിയ നാലാം ദിനം 162 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡാണ് മദ്ധ്യ പ്രദേശ് നേടിയത്. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ മുംബയ് ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ 113/2 എന്ന നിലയിലാണ്. ക്യാപ്ടൻ പ്രിഥ്വി ഷാ (44), വേഗം സ്കോറർ ഉയർത്താൻ ഓപ്പണറായി എത്തിയ ഹാർദിക്ക് തമോർ (25) എന്നിവരുടെ വിക്കറ്റുകളാണ് മുംബയ്ക്ക് നഷ്ടമായത്. മദ്ധ്യ പ്രദേശിനെക്കാൾ 49 റൺസ് പിന്നാലാണ് അവർ. അവസാന ദിനമായ ഇന്ന് പരമാവധി 95 ഓവറുകളാണ് ശേഷിക്കുന്നത്. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സമനിലയ്ക്കൊ മദ്ധ്യപ്രദേശിന്റെ ജയത്തിനൊ ആണ് സാധ്യത കൂടുതൽ. സമനിലയായാൽ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ പിൻബലത്തിൽ മദ്ധ്യ പ്രദേശ് ആദ്യമായി രഞ്ജി കിരീടത്തിൽ മുത്തമിടും. നിലവിലെ സാഹചര്യത്തിൽ മുംബയ് ജയിക്കാനുള്ള സാഹചര്യം വളരെക്കുറവാണ്.
അല്ലെങ്കിൽ മുംബയ് ഇന്ന് 50 ഓവറോളം ബാറ്റ് ചെയ്ത് അതിവേഗം 320ൽ അധികം റൺസ് നേടി മദ്ധ്യ പ്രദേശിനെ രണ്ടാം ഇന്നിംഗ്സിന് ക്ഷണിച്ച് തുടർന്ന് അവരെ ഓൾഔട്ടാക്കണം. ഏറെക്കുറെ വിരളമായ സാധ്യതയാണ്ഇത്.
368/3 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച മദ്ധ്യ പ്രദേശിനെ മികച്ച ഇന്നിംഗ്സുമായി രജത് പട്ടീദാർ (120) ചുമലിലേറ്റുകയായിരുന്നു. 219 പന്ത് നേരിട്ട് 20 ഫോറുപ്പെട്ട ക്ലാസിക്ക് ഇന്നിംഗ്സായിരുന്നു പട്ടീദാറിന്റേത്. അർദ്ധ സെഞ്ച്വറി നേടിയ സരൺഷ് ജയിൻ (57) പട്ടീദാറിന് നല്ല പിന്തുണ നൽകി. മുംബയ്ക്കായി ഷംസ് മുലാനി അഞ്ച് വിക്കറ്റ് വീഴ്ത്തി. തുഷാർ ദേശ്പാണ്ഡെ പട്ടീദാറിന്റെ ഉൾപ്പെടെ 3 വിക്കറ്റ് നേടി.